കോട്ടയം :- കേരളത്തിൽ പകൽ താപനില കൂടുകയും രാത്രി തണുപ്പ് അസാധാരണമായി വർധിക്കുകയും ചെയ്തതോടെ ശ്വാസകോശ അണുബാധ കൂടുന്നു. പനി മാറിയാലും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ചുമയിൽ വലയുകയാണ് രോഗികൾ. രണ്ടാഴ്ചയിലധികം തുടരുന്ന ചുമയും കഫക്കെട്ടുമായി കോട്ടയം മെഡിക്കൽ കോളേജിലെത്തുന്ന രോഗികളുടെ എണ്ണം ഒരുമാസമായി കൂടിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവും കോവിഡിനുശേഷം വന്ന രോഗാണുക്കളുടെ രൂപമാറ്റവും കാരണമാണ്. ഇവരിൽ ബഹുഭൂരിപക്ഷത്തിനും പനിയോ, മറ്റു രോഗങ്ങളോ ഉണ്ടാകണമെന്നുമില്ല. തൊണ്ടവേദനയിൽ തുടങ്ങി ചുമയിലേക്ക് പോകുന്ന രീതിയും കാണുന്നു.
തൊണ്ടയെ ബാധിക്കുന്ന വൈറസ് നശിച്ച് പോകാത്തതാണ് ചുമതുടരാൻ കാരണം. ചികിത്സ കൃത്യമല്ലെങ്കിൽ തൊണ്ടയിലെ ത്വക്കിന് ക്ഷതം സംഭവിക്കാം. കുറച്ചു പേരിൽ ഇത് മൈക്കോപ്ലാസ്മ എന്ന ന്യൂമോണിയ ബാധയ്ക്കും കാരണമാകുന്നു. ചുമയും കഫക്കെട്ടും മാത്രമേയുള്ളൂ എന്ന് ആശ്വസിച്ച് സ്വയം ചികിത്സ പാടില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ശ്വാസകോശ രോഗവിഭാഗം മേധാവി ഡോ. കെ.പി വേണുഗോപാൽ പറഞ്ഞു. ചുമ ഏറെ ദിവസം നീണ്ടാൽ ശ്വാസകോശത്തെ ബാധിക്കാം. ഡോക്ടറുടെ സേവനം തേടണം. ശരിയായ മരുന്നും കഴിക്കണം. ഡോക്ടർ നിശ്ചയിക്കാതെ ആന്റിബയോട്ടിക്കും പാടില്ല. ചുമ മരുന്നുകളുടെ ദുരുപയോഗവും ഒഴിവാക്കണം. രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും. രോഗി പൊതുസ്ഥലങ്ങളിലെ സമ്പർക്കം പരമാവധി ഒഴിവാക്കണം. മാസ്സ് ഉപയോഗിക്കണമെന്നും ഉപ്പുവെള്ളം കവിൾ കൊള്ളണമെന്നും ഡോക്ടർമാർ നിർദേശിച്ചു
