സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള മുഴുവൻ ക്ലിനിക്കൽ സ്ഥാപനങ്ങളും രജിസ്റ്റ‌ർ ചെയ്യാൻ ആരോഗ്യ വകുപ്പിന്റെ നിർദേശം


 തിരുവനന്തപുരം :- സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (റജിസ്ട്രേഷൻ ആൻഡ് റഗുലേഷൻ) നിയമപ്രകാരം രജിസ്റ്റ‌ർ ചെയ്യണമെന്നു കാട്ടി ആരോഗ്യ വകുപ്പ് നോട്ടിസ് നൽകി. നിയമം നടപ്പാക്കുന്നതിനെതിരെ കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷനും ഇന്ത്യൻമെഡിക്കൽ അസോസിയേഷനുംനൽകിയ അപ്പീലുകൾ ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണിത്. റജിസ്‌റ്റർ ചെയ്യാത്ത ഒരു ക്ലിനിക്കൽ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുമതിയുണ്ടാകില്ല. 

അത്യാഹിതത്തെത്തുടർന്ന് എത്തുന്ന രോഗിക്കു പ്രാഥമികചികിത്സ നൽകേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാക്കുന്ന നിയമപ്രകാരം മുൻകൂർ തുക അടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കാൻ പാടില്ല. കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെങ്കിൽ അതിനുള്ള സൗകര്യം ആദ്യ ആശുപത്രി ഒരുക്കണം. എല്ലാ നിരക്കുകളും ഉൾപ്പെടുത്തിയ ഇനം തിരിച്ച ബിൽ രോഗികൾക്കു നൽകണം. പേഷ്യന്റ് ഇൻഫർമേഷൻ ബ്രോഷർ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ഡൗൺലോഡ് ചെയ്യാവുന്ന തരത്തിൽ ലഭ്യമാക്കുകയും സ്ഥാപനത്തിൽ ജനങ്ങൾക്കു വ്യക്തമായി കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കുകയും വേണം. 

തങ്ങളുടെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ റജിസ്റ്റ‌ർ ചെയ്യാൻ നിർദേശം നൽകിയതായി ഐഎംഎ ഭാരവാഹികൾ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ ഫെബ്രുവരി 3ന് പരിഗണിക്കാനിരിക്കെ ആരോഗ്യ വകുപ്പ് തിടുക്കപ്പെട്ടു നോട്ടിസ് നൽകുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ പ്രസിഡന്റ് ഹുസൈൻ കോയ തങ്ങൾ പറഞ്ഞു.

Previous Post Next Post