മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; സഹകരണ സ്ഥാപനങ്ങളിലെ വായ്പ തിരിച്ചടച്ച് ആധാരം തിരികെയെടുക്കുമ്പോൾ ഒഴിമുറി ചെയ്യണം


കണ്ണൂർ :- സഹകരണ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന വായ്പ തിരിച്ചടച്ച് ആധാരം തിരികെ നൽകുന്ന സമയത്ത് രജിസ്ട്രാഫീസിൽ പണമടച്ച് ഒഴിമുറി ചെയ്തിട്ടില്ലെങ്കിൽ ബാധ്യത നിലനിൽക്കുമെന്ന് പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൌസ് ബിൽഡിംഗ് സൊസൈറ്റി സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സഹകരണ സ്ഥാപനങ്ങളിൽ നിന്നും സ്ഥലം പണയാധാരം നൽകി വായ്പയെടുത്ത് മുതലും പലിശയും അടച്ചു തീർത്താലും സബ് രജിസ്ട്രാർ ഓഫീസിലെ കമ്പ്യൂട്ടർ രേഖകളിൽ ബാധ്യത നിലനിൽക്കുന്നുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ബാധ്യത നിലനിൽക്കുമെന്ന് വായ്പക്കാരെ അറിയാക്കാറുണ്ടെങ്കിലും 15 വർഷം കഴിയുമ്പോൾ കുടികടത്തിൽ ബാധ്യത കാണില്ലെന്ന മിഥ്യാധാരണയുടെ പുറത്ത് പലരും ഒഴിമുറി ചെയ്യാറില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു. രജിസ്ട്രാർ ഓഫീസിൽ അടയ്ക്കേണ്ട ഫീസ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പലരും ഇപ്രകാരം ചെയ്യാറുള്ളത്. ഒഴിമുറി ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ സംഘം അത് ചെയ്തു കൊടുക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. ദാസൻ ഒരാങ്കി സമർപ്പിച്ച പരാതിയിലാണ് നടപടി.





Previous Post Next Post