മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവള റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി പുനരധിവാസത്തിനും പുനഃ സ്ഥാപനത്തിനുമുള്ള കരട് പദ്ധതി അന്തിമമാക്കുന്നത് സംബന്ധിച്ച് ഭൂവുടമകളുടെ ഹിയറിങ് ഫെബ്രുവരി 5,6 തീയതികളിൽ കീഴല്ലൂർ പഞ്ചായത്ത് ഹാളിൽ നടക്കും. കീഴല്ലൂർ ദേശത്തെ 38 പേരെയും കാനാട് ദേശത്തെ 42 പേരെയും ഫെബ്രുവരി 5 നും കാനാട് ദേശത്തെ 79 പേരെയും ആരാധനാലയങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ, കരകൗശല വിദഗ്‌ധർ, ചെറുകിട വ്യാപാരികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ എന്നിവരെ ഫെബ്രുവരി 6നുമാണ് ഹിയറിങ്ങിന് വിളിച്ചിട്ടുള്ളത്.
അർഹത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതമാണ് ഇവർ ഹാജരാകേണ്ടത്. കണ്ണൂർ വിമാനത്താവള രാജ്യാന്തര റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ ഉപജീവനത്തെ ബാധിക്കുന്ന അർഹരായ കെട്ടിട ഉടമകൾക്കും വാടകക്കാർക്കും തൊഴിലാളികൾക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനും നഷ്ടപരിഹാരം നൽകും. വിജ്ഞാപനം പുറപ്പെടുവിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥലമേറ്റെടുപ്പിന് നടപടിയില്ലാത്തതിനാൽ കാനാട്, കോളിപ്പാലം ഭാഗത്തെ ഭൂവുടമകൾ ദുരിതത്തിലായിരുന്നു. മിക്കവരും കടബാധ്യതയിലും ജപ്തി ഭീഷണിയിലുമാണ്.
റൺവേ വികസിപ്പിക്കുന്നതിന് ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കാനാട്, കീഴല്ലൂർ മേഖലയിൽ 245 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിലുള്ള റൺവേ 3050 മീറ്ററിൽ നിന്നും 4000 മീറ്ററാക്കി ദീർഘിപ്പിക്കുന്നതിന് ഏകദേശം - 99.3235 ഹെക്‌ടർ (245 ഏക്കർ) - സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
