ശബരിമല :- ദർശനത്തിനെത്തുന്ന കുട്ടികൾ മണിക്കൂറുകളോളം വരിനിൽക്കേണ്ടി വരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ ശബരിമല സന്ദർശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും പതിനെട്ടാംപടിയിലും ഒരുക്കിയ പ്രത്യേക വരി വിപുലീകരിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. കുട്ടികളെ കണ്ടെത്താൻ അണിയിക്കുന്ന റിസ്റ്റ് ബാൻഡ് എല്ലാവരും അണിയുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. തിരക്കിൽ സംഘമായി എത്തുന്നവരുടെ കൂട്ടത്തിലുള്ള കുട്ടികളെ എങ്ങനെ കയറ്റിവിടുമെന്ന കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
കുട്ടികളെ പരിഗണിക്കുമ്പോൾ സംഘത്തെ മുഴുവനായി കയറ്റി വിടേണ്ടിവരുന്നതാണ് പ്രധാന വെല്ലുവിളി. ഇക്കാര്യം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡും പോലീസുമായി ചർച്ച നടത്തുമെന്ന് കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പറഞ്ഞു. അടുത്ത തീർഥാടന കാലത്ത് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും. വ്യാഴാഴ്ച രാവിലെ ആദ്യം പമ്പയിൽ സംഘം പരിശോധന നടത്തി. ശബരിപീഠം, മരക്കൂട്ടം, വലിയ നടപ്പന്തൽ, പതിനെട്ടാംപടിക്ക് താഴെ, സന്നിധാനം തുടങ്ങിയ ഭാഗങ്ങളിൽ വരിനിന്നിരുന്ന കുട്ടികളെ സംഘം സന്ദർശിച്ചു. വരിയിൽ നിൽക്കുമ്പോൾ വെള്ളവും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് കുട്ടികൾ പറഞ്ഞു. അംഗങ്ങളായ ബി.മോഹൻ കുമാർ, കെ.കെഷാജു എന്നിവരും ഒപ്പമുണ്ടായിരുന്നു.
