SSLV ക്ക് ഇനി കരുത്ത് കൂടും ; ഭാരമേറിയ ഉപഗ്രഹങ്ങളുമായി കുതിക്കാനുള്ള പരീക്ഷണം വിജയകരം


തിരുവനന്തപുരം :- ഐഎസ്ആർഒയുടെ ചെറു ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എസ്എൽവിക്ക് ഇനി കരുത്തു കൂടും. കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ സുരക്ഷിതമായി എത്തിക്കാൻ മുന്നാംഘട്ടത്തിനു വേണ്ടി തയാറാക്കിയ പുതിയ മോട്ടർ വിജയകരമായി പരീക്ഷിച്ചു. 90 കിലോഗ്രാം വരെ അധികഭാരം വഹിക്കാൻ റോക്കറ്റിനു ശേഷി നൽകുന്നതാണ് പുതിയ പരീക്ഷണം. പുതിയതായി രൂപകൽപന ചെയ്ത മൂന്നാംഘട്ട മോട്ടറിന് (എസ്എസ്‌3) ഭാരമേറിയ ലോഹങ്ങൾക്കു പകരം കാർബൺ-ഇപോക്സി കോംപസിറ്റ് കൊണ്ടുള്ള പുറംചട്ട ഉപയോഗിച്ചതിലൂടെയാണ് റോക്കറ്റിന്റെ പേലോഡ് ശേഷി ഏകദേശം 90 കിലോഗ്രാം വർധിപ്പിക്കാൻ കഴിഞ്ഞത്.

മൂന്നാം ഘട്ടമാണ് റോക്കറ്റിന് അവസാനവട്ട കുതിപ്പ് നൽകി സെക്കൻഡിൽ 4 കിലോമീറ്റർ വരെ വേഗത്തിൽ ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത്. മോട്ടർ ജ്വലിപ്പിക്കാനുള്ള മെച്ചപ്പെട്ട ഇഗ്നൈറ്റർ, ഊർജം പകരാൻ പുറന്തള്ളുന്ന വാതകങ്ങളെ നിയന്ത്രിക്കുന്ന പുതുക്കിയ നോസിൽ എന്നിവയും ഈ ഘട്ടത്തിന്റെ ഭാഗമാണ്. ഈ മാറ്റങ്ങൾ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും കരുത്തുറ്റതുമാക്കും. തകരാറുകൾ സ്വയം പരിഹരിക്കാൻ ശേഷിയുള്ള ഇലക്ട്രോ-മെക്കാനിക്കൽ സംവിധാനമാണ് നോസിൽ നിയന്ത്രിക്കുന്നത്. 

ഇലക്ട്രിക് മോട്ടറുകളാണ് അധിക സുരക്ഷാ സംവിധാനങ്ങളുടെ പിൻബലത്തോടെ റോക്കറ്റിന്റെ ദിശ നിയന്ത്രിക്കാൻ നോസിൽ ചലിപ്പിക്കുന്നത്. എസ്എസ്എൽവി റോക്കറ്റിൻ്റെ 3 ഘട്ടങ്ങളിലും ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. ആവശ്യാനുസരണം വിക്ഷേപണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത എസ്എസ്‌എൽവി ചെറു ഉപഗ്രഹങ്ങളെ - കുറഞ്ഞ തയാറെടുപ്പുകളോടെ പെട്ടെന്നു വിക്ഷേപിക്കാൻ സാധിക്കുന്നതിനാൽ വാണിജ്യ ഉപയോക്താക്കൾക്കും അടിയന്തര ദൗത്യങ്ങൾക്കും കൂടുതൽ പ്രയോജനപ്പെടുത്താനാകും.

Previous Post Next Post