തിരുവനന്തപുരം :- സംസ്ഥാനത്ത് 2 വർഷം കൊണ്ട് സൈബർ തട്ടിപ്പിനു മാത്രമായി തുടങ്ങിയ 60,000 ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ചു. ഇനിയും ഇത്തരം ഒന്നര ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ ഉണ്ടെന്നാണ് സൈബർ പോലീസിന്റെ നിഗമനം. കേരളത്തിൽ തുടങ്ങുന്ന മ്യൂൾ അക്കൗണ്ടുകളിൽ കൂടുതലും മറ്റു സംസ്ഥാനങ്ങളിൽ തട്ടിപ്പു നടത്തുന്ന പണം പിൻവലിക്കാനാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ സൈബർ തട്ടിപ്പ് നടത്തുന്ന പണം മറ്റു സംസ്ഥാനങ്ങളിലെ ഇത്തരം അക്കൗണ്ടുകളിലൂടെയാണു മാറ്റുന്നത്.
വിദേശബന്ധമുള്ള, ഉത്തരേന്ത്യൻ സൈബർ തട്ടിപ്പു സംഘം കേരളത്തിലും വൻതോതിൽ വലവിരിക്കുന്നെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പണം വാങ്ങി ബാങ്ക് അക്കൗണ്ട് വാടകയ്ക്കു നൽകുന്ന ഇടപാടിന് പലരും ഇരയാകുന്നുണ്ട്. അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സിമ്മും കൈമാറിയാൽ 5000 രൂപ മുതൽ 10,000 രൂപ വരെ കിട്ടുമെന്നതാണ് തട്ടിപ്പിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ഇതുവഴിയും തട്ടിപ്പുകാർ തട്ടിയെടുക്കുന്നത് വൻ തുകകളാണ്.
