പഹൽഗാം തീവ്രവാദികളിൽ നിന്ന് പണം വാങ്ങിയെന്ന് പറഞ്ഞ് തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയായ 77- കാരിക്ക് നഷ്ടമായത് ഒന്നരക്കോടി രൂപ


കണ്ണൂർ :- പഹൽഗാം തീവ്രവാദികളിൽ നിന്ന് പണം കൈപ്പറ്റിയെന്ന് പറഞ്ഞ് സൈബർ തട്ടിപ്പ് സംഘം 77-കാരിയിൽ നിന്ന് തട്ടിയത് ഒന്നരക്കോടിയിൽപരം രൂപ. നഗരമധ്യത്തിൽ കണ്ണൂർ എസ്.എൻ പാർക്കിന് സമീപത്തെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സ്ത്രീയുടെ 1,58,66,900 രൂപയാണ് നഷ്ടമായത്. ജനുവരി മാസത്തിൽ വിവിധ ദിവസങ്ങളിലായിട്ടാണ് തട്ടിപ്പ് നടന്നത്. വാട്സാപ്പ് കോളിലൂടെയാണ് സ്ത്രീയെ തട്ടിപ്പുസംഘം ബന്ധപ്പെട്ടത്.

പഹൽഗാം സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ തീവ്രവാദി ആദിൽ ഗോറിയുടെ താമസസ്ഥലത്ത് സുരക്ഷാസൈനികർ നടത്തിയ പരിശോധനയിൽ ആധാർ കാർഡ് കണ്ടെത്തിയെന്നും തീവ്രവാദികളുടെ പണം സ്വീകരിച്ചിട്ടുണ്ടെന്നും സ്ത്രീയെ തട്ടിപ്പ് സംഘം അറിയിച്ചു. ജീവിതകാലം ഇനി ജയിലിലാകുമെന്നും പുറംലോകം കാണില്ലെന്നും ഭീഷണിപ്പെടുത്തി. നിരപരാധിത്വം തെളിയിക്കാൻ അവസരമുണ്ടെന്നും തട്ടിപ്പുസംഘം പറഞ്ഞു.

അതിനാൽ ബാങ്ക് അക്കൗണ്ടിലെ മുഴവൻ പണവും റിസർവ് ബാങ്ക് അക്കൗണ്ടിലേക്ക് പരിശോധനയ്ക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് തട്ടിപ്പുസംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം അയപ്പിക്കുകയായിരുന്നു. പിന്നീട് പ്രതികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫാക്കിയ നിലയിലായിരുന്നു. തുടർന്നാണ് സ്ത്രീ സെബെർ പോലീസിൽ പരാതി നൽകിയത്.

Previous Post Next Post