മര്‍ഹബാ യാ റമദാന്‍....പുണ്യ റമദാനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍

 


കണ്ണൂര്‍:-പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ വീണ്ടും എത്തുമ്പോള്‍ വിശ്വാസി സമൂഹം അതിരില്ലാത്ത സന്തോഷത്തിലാണ്. പുണ്യദിനങ്ങളെ വരവേല്‍ക്കാനായി പള്ളികളും ഭവനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം എത്തുന്ന നോമ്പുകാലത്തെ ഓരോ ദിവസത്തേയും ഓരോ വിശ്വാസിയും തങ്ങളുടെ വീട്ടിലെത്തിയ അതിഥിയെ പോലെയാണ് വരവേല്‍ക്കുന്നത്. ആത്മീയ നിര്‍വൃതിയേകാനും സമൂഹത്തില്‍ കാരുണ്യത്തിന്റെ സന്ദേശമെത്തിക്കാനുള്ള പ്രധാന അവസരമാണിത്. 

റമദാനിനോട് അനുബന്ധിച്ച് വിവിധ ജില്ലകളില്‍ നിന്നായി ദര്‍സ് വിദ്യാര്‍ഥികള്‍ നാട്ടിന്‍പുറങ്ങളിലെ പള്ളികളില്‍ എത്താറുണ്ട്. അവര്‍ പള്ളികളില്‍ ചെറിയ രീതിയിലുള്ള മതപ്രഭാഷണങ്ങള്‍ നടത്താനായാണ് എത്തുന്നത്. മതപ്രഭാഷണങ്ങള്‍ നടത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന വരുമാനം പഠനാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. ഇത്തരത്തില്‍ എത്തുന്ന ദര്‍സ് വിദ്യാര്‍ഥികള്‍ക്കും മുസാഫിറുകള്‍ക്കുമായി മുസാഫിര്‍ ഖാനയും അത്താഴ കമ്മിറ്റികളും പള്ളികളിലും പരിസരങ്ങളിലും സജീവമായി കഴിഞ്ഞു. നോമ്പ് തുടങ്ങുന്നതിനു മുന്‍പേ ഇവര്‍ നാട്ടിന്‍പുറത്തെ പള്ളികളില്‍ ഇടം പിടിക്കും. മുന്‍കൂട്ടിപേര് നല്‍കി ടോക്കണ്‍ പ്രകാരം വിഭവസമൃദ്ധമായ അത്താഴമാണ് ആളുകള്‍ക്ക് നല്‍കാറുള്ളത്. കണ്ണൂര്‍ സിറ്റിയിലെ അത്താഴ കമ്മിറ്റിയും വളപട്ടണം ജുമാമസ്ജിദിന്റെ കീഴില്‍ നല്‍കുന്ന അത്താഴവും ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആരംഭിച്ചതാണ്. ഇത്തരത്തില്‍ പല പ്രദേശങ്ങളിലെ പള്ളികളില്‍ നിന്നും അത്താഴങ്ങളും മറ്റും നല്‍കി വരാറുണ്ട്. യാത്രക്കാര്‍ക്കും മറ്റും ഏറെ ആശ്വാസം നല്‍കുന്നുമുണ്ട്. സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കാനും തെറ്റുകളില്‍ നിന്നു വിട്ടുനില്‍ക്കാനുമാണ് നോമ്പുകാലം പഠിപ്പിക്കുന്നത്. 

വ്രതശുദ്ധിയുടെയും ആത്മസംസ്‌കരണത്തിന്റെയും നാളുകളില്‍ പ്രാര്‍ഥനയും ദാനധര്‍മങ്ങളും കൊണ്ട് ആത്മശുചീകരണം നടത്തി വിശ്വാസികള്‍ സ്വന്തം പാപങ്ങള്‍ കഴുകിക്കളയും. രാപകലുകളെന്ന ഭേദമില്ലാതെ സദാസമയവും പ്രാര്‍ഥനയില്‍ മുഴുകിയാണ് വിശ്വാസികള്‍ നോമ്പു കാലത്തെ ധന്യമാക്കുന്നത്.

Previous Post Next Post