ചെങ്ങളായി ഗ്രാമപഞ്ചായത്ത്ബജറ്റ് ; അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന.

 


ചെങ്ങളായി:- ചെങ്ങളായിഗ്രാമപഞ്ചായത്ത് 2026- 27 വാർഷിക ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നു. കുനം -കൊളത്തൂർ - കണ്ണാടിപ്പാറ റോഡ്, വളക്കൈ -കൊയ്യം റോഡ് എന്നിവ യാഥാർത്ഥ്യമായി കഴിഞ്ഞു. അഡൂർ കടവ് പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത മേഖലയിൽ വലിയ മാറ്റമാണ് ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ഉണ്ടാകാൻ പോകുന്നത്. 

ഇതിനനുസരിച്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും പുതിയ ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനും ഈ ബജറ്റ് മുൻഗണന നൽകുന്നു. 1.40കോടി രൂപ പുതിയ റോഡുകളുടെ നിർമ്മാണത്തിനും3. 68 കോടി രൂപ റോഡുകളുടെ പുനരുദ്ധാരണത്തിനും ബജറ്റിൽ വകയിരുത്തുന്നു. പഞ്ചായത്തിൻറെ സമ്പദ്ഘടനയിൽ പ്രധാന പങ്കുവഹിക്കുന്ന കാർഷിക മേഖലയിൽ കർഷകരുടെ വരുമാന വർദ്ധനവിനുള്ള വിവിധ പദ്ധതികൾക്ക് വേണ്ടി 60.73 ലക്ഷം രൂപ നീക്കിവെക്കുന്നു. അതോടൊപ്പം നടീൽ വസ്തുക്കളുടെയും ജൈവവളത്തിന്റെയും കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. 

ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്പൂർണ്ണ സുരക്ഷ സാക്ഷര പഞ്ചായത്ത് ആക്കി മാറ്റുന്നതിനുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് 1 ലക്ഷം രൂപ വകയിരുത്തുന്നു. ചെറു പട്ടണങ്ങളായി വികസിച്ചുവരുന്ന ചെങ്ങളായി, വളക്കൈ ചുഴലി കേന്ദ്രങ്ങളിൽ സ്ഥലം ലഭ്യമാകുന്ന മുറക്ക് ടേക്ക് എ ബ്രേക്ക് മാതൃകയിൽ പൊതുശൗചാലയങ്ങൾ നിർമ്മിക്കുന്നതിന് ഊന്നൽ നൽകും. മൃഗസംരക്ഷണ മേഖലയ്ക്ക്  63.9 ലക്ഷം രൂപയും  പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് 62.44 ലക്ഷം രൂപയും വിദ്യാഭ്യാസവും സംസ്കാരം യുവജനക്ഷേമം മേഖലയിൽ  35.80 ലക്ഷം രൂപയും വനിതാ ശിശുക്ഷേമ പ്രവർത്തനങ്ങൾക്ക്  65.50 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി. 

പട്ടികജാതി പട്ടികവർഗ്ഗ മേഖലയിലെ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താനുള്ള വിവിധ പദ്ധതികൾക്കായി 88.45 ലക്ഷം രൂപ നീക്കി വെച്ചു. പുതിയ നികുതികൾ ഒന്നും ഏർപ്പെടുത്താതെ വസ്തു നികുതി, തൊഴിൽ നികുതി എന്നിവയിലൂടെ പരമാവധി തുക ശേഖരിച്ചു വിഭവ സ്രോതസ് വർദ്ധിപ്പിക്കാൻ ശ്രമിക്കും. ആകെ 40 ,72,63,743 രൂപ വരവും36, 48,77,750 രൂപ ചെലവും  4, 23,85,993 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2026 27 വർഷത്തെ ബജറ്റ്  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ രവി അവതരിപ്പിച്ചു. പ്രസിഡണ്ട് ബി. പി.     വിപിന  ആമുഖപ്രസംഗം നടത്തി. അസിസ്റ്റൻ്റ് സെക്രട്ടറി താഹിറ പി.യു സ്വാഗതം പറഞ്ഞു.

Previous Post Next Post