ചക്കരക്കല്ല് :- മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കിണർ പണിക്കിടെ അപകടത്തിൽപ്പെട്ട മൂന്ന് തൊഴിലാളികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അശോകൻ, പുരുഷോത്തമൻ, രമേശൻ എന്നിവരാണ് അപകടത്തിൽപെട്ടത്. അശോകന് (56) സാരമായി പരുക്കേറ്റു. അശോകൻ കിണറ്റിൽ നിന്ന് കയറുന്നതിനിടെ അബദ്ധവശാൽ പിടിവിട്ട് താഴ്‌ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.
അശോകന്റെ നട്ടെല്ലിനും കാലിനും കയ്യിലും സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. 25 കോൽ ആഴമുള്ള, ആൾമറയില്ലാത്ത പുതിയ കിണറാണിത്. വെള്ളം വറ്റിച്ചായിരുന്നു കിണറിൻ്റെ പണി നടത്തിയിരുന്നത്. കണ്ണൂരിൽ നിന്നുള്ള അഗ്നിരക്ഷ സേനയിലെ അംഗങ്ങളായ രഞ്ജു, റസീഫ് എന്നിവർ കിണറ്റിൽ ഇറങ്ങിയാണ് അശോകനെ സ്ട്രെച്ചറിൽ കിടത്തി കരയ്ക്ക് എത്തിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജീവൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ജീബി ഫിലിപ്പ്, ഫയർ ആൻഡ് റസ്‌ക്യു ഓഫീസർമാരായ പി.പി സച്ചിൻ, എസ് മിഥുൻ, വിഷ്‌ണു, ശില്‌പ, പി.വി മനോജ്, അനീഷ് കുമാർ, ഹോംഗാർഡുമാരായ നിജിൽ, ദിലീഷ് എന്നിവർ പങ്കെടുത്തു.
