കണ്ണൂർ :- നഗരത്തിൽ ഓട്ടോറിക്ഷകൾ അനിയന്ത്രിതമായി വർധിക്കുന്നതും അശാസ്ത്രീയമായി പാർക്ക് ചെയ്യുന്നതും ഗതാഗത സംവിധാനം താറുമാറാക്കുന്ന സാഹചര്യത്തിൽ ആശങ്കയുമായി മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. ഇത് കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ഹനിക്കുന്നതും മറ്റ് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നതാണെന്നും ഉത്തരവിൽ നിരീക്ഷിച്ചു.
റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടറും കോർപ്പറേഷനും വിഷയത്തിൽ ഇടപെടണമെന്ന് കമ്മിഷൻ നിർദേശിച്ചു. ഗതാഗതകുരുക്കിന് ശാശ്വതപരിഹാരം കാണണം. ഗതാഗത തടസ്സങ്ങൾ ഒഴിവാക്ക് സുഗമമായ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാൻ അധികാരികൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കളക്ടറും റീജണൽ ട്രാൻസ്പോർട്ട് ഓഫീസറും കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
മനുഷ്യാവകാശ കമ്മിഷൻ ആർ.ടി.ഒയ്ക്ക് നൽകിയ ഉത്തരവുകൾ നടപ്പാക്കുന്നില്ലെന്നും പാർക്കിങ് സ്ഥലം രേഖപ്പെടുത്താതെയാണ് ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകുന്നതെന്നും ആരോപിച്ച് സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എൻ.ലക്ഷ്മണൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2700 ഓട്ടോറിക്ഷകൾക്ക് പോലും മതിയായ പാർക്കിങ് സൗകര്യമില്ലാത്ത കണ്ണൂർ നഗരത്തിൽ 4140 ഓട്ടോറിക്ഷകൾക്ക് പാർക്കിങ് സ്ഥലം രേഖപ്പെടുത്താതെ പെർമിറ്റ് അനുവദിച്ചതായി പരാതിക്കാരൻ ആരോപിച്ചു.
എന്നാൽ അനധികൃത പാർ ക്കിങ് നിയന്ത്രിക്കാൻ നടപടിയെടുത്തതായി ആർ.ടി.ഒ അറിയിച്ചു. പുതുതായി പെർമിറ്റ് അനുവദിക്കുന്ന എല്ലാ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള പാർക്കിങ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെന്നും ഇല്ലെങ്കിൽ സ്വന്തം വീട്ടിൽ പാർക്ക് ചെയ്യണമെന്ന സത്യവാങ്മൂലം കർശനമാക്കിയെന്നും ആർ.ടി.ഒ അറിയിച്ചു.
