കരിപ്പൂർ :- യുദ്ധപശ്ചാത്തലത്തിൽ, രാജ്യാന്തര വിമാന ടിക്കറ്റ് നിരക്കിനു പുറമേ ആഭ്യന്തര വിമാന യാത്രയ്ക്കുള്ള നിരക്കുകളും കുത്തനെ കൂട്ടി വിമാനക്കമ്പനികൾ. വിമാന ഇന്ധനവർധന ഉൾപ്പെടെയുള്ള പ്രതിസന്ധികൂടി മുന്നിൽക്കണ്ടാണ് നിരക്കുവർധനയെന്നാണ് പറയുന്നത്. ഇതിനി ടെ ടിക്കറ്റ് നിരക്കിൽ നേരത്തേ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രം പിൻവലിക്കുകയും ചെയ്തു. ടിക്കറ്റ് തുക രണ്ടും മൂന്നും ഇര ട്ടിയാണ് വർധിച്ചത്. നാളെ ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്ക് 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്. അതേ വിമാനത്തിൽ ഡൽഹിയിൽ നിന്നു കോഴിക്കോട്ടേക്ക് 9,500 രൂപ. നാളെ കോഴിക്കോട്ടു നിന്ന് മുംബൈയിലെത്താൻ ഇൻഡിഗോ വിമാനത്തിൽ 13,500 രൂപ നൽകണം.
തിരിച്ചു കോഴിക്കോട്ടേക്ക് 9,000 രൂപയും. നാളെ ഹൈദരാബാദിലേക്ക് 8,000 രൂപയും തിരിച്ച് 7800 രൂപയുമാണ് നിരക്ക്. മൂന്നിടത്തേക്കും പകുതിയിലേറെ തുകയാണ് വർധിച്ചത്. ദിവസങ്ങളായി രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. വിമാനങ്ങൾ പലതും റദ്ദാക്കുന്നതിനാൽ ടിക്കറ്റ് ലഭിക്കാനും പ്രയാസമാണ്. കോഴിക്കോട് -ജിദ്ദ യാത്രയ്ക്ക് 51,000 രൂപയും ജിദ്ദയിൽ നിന്നു കോഴിക്കോട്ടേക്ക് 57,000 രൂപയുമാണ്. നേരത്തേ, അര ലക്ഷം രുപയുണ്ടെങ്കിൽ ജിദ്ദയിൽ പോയി മടങ്ങാമായിരുന്നു. അടുത്ത ദിവസം ഫ്ലൈ ദുബായ് വിമാനത്തിൽ കോഴിക്കോട് -ദുബായ് യാത്രയ്ക്കു ടിക്കറ്റ് നിരക്ക് 43,000 രൂപയും ദുബായിൽ നിന്ന് തിരിച്ച് കോഴിക്കോട്ടേക്ക് 68,000 രൂപയുമാണ്.
ദുബായിൽ പോയിവരാൻ 20,000 രൂപ മതിയായിരുന്ന സ്ഥാനത്ത്, ഒരു ലക്ഷത്തിനു പുറത്താണ് നിരക്ക്. ഖത്തറിലേക്ക് സർവീസുകൾ പഴയ രീതിയിൽ പുനഃസ്‌ഥാപിച്ചിട്ടില്ല. മസ്കത്തിലേക്ക് 26ന് ഒമാൻ എയറിൽ 64,000 രൂപയാണ് ടിക്കറ്റ്. മസ്കത്തിൽ നിന്നു മടങ്ങാൻ അതേദിവസം 76,000 രൂപ നൽകണം. റിയാദിലെത്താൻ 56,000 രൂപ വേണം. മടങ്ങാൻ അതിലധികവും.
