വിമാന സർവീസ് പ്രതിസന്ധി ; പ്രവാസി വോട്ടർമാർ കുറയുന്നതിൽ ആശങ്ക


തിരുവനന്തപുരം :- പശ്ചിമേഷ്യയിൽ സംഘർഷം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഏകദേശം 90 ലക്ഷത്തിലേറെ മലയാളികള്‍ താമസിക്കുന്ന ഗൾഫ് നാടുകളില്‍ സംഘർഷം കത്തിപ്പടരുമ്പോള്‍ നാട്ടിലിത് തെരഞ്ഞെടുപ്പ് ചൂടിന്‍റെ കാലമാണ്. നാട്ടിലെ തെരഞ്ഞെടുപ്പുകളില്‍ പ്രവാസികളുടെ വോട്ട് നിർണായകമാണ്. സാധാരണയായി വോട്ട് ചെയ്യാൻ നാട്ടിലെത്തിയിരുന്ന പ്രവാസികൾക്ക് പോലും ഇക്കുറി പ്രതിസന്ധികള്‍ ഏറെയാണ്. ഗൾഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക വിമാന സർവീസുകള്‍ തുടങ്ങിയെങ്കിലും അമിത ടിക്കറ്റ് നിരക്ക് വെല്ലുവിളിയായി. വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തേണ്ട പ്രവാസികള്‍ക്ക് പോലും ഗൾഫ് നാടുകളില്‍ തുടരേണ്ടി വന്നു. ഇതിനിടെ തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ വോട്ടൊന്ന് കുത്താൻ നാടണയാനാകുമോ എന്ന ആശങ്കയിലാണ് പ്രവാസികളും വിവിധ പാര്‍ട്ടികളും മുന്നണികളും.

കടൽ കടന്നെത്തുന്ന വോട്ടുബാങ്ക് ഇടിഞ്ഞാൽ അത് തെരഞ്ഞെടുപ്പിനെ സാരമായി തന്നെ ബാധിക്കും. എസ്.ഐ.ആറിന് ശേഷം ഫെബ്രുവരി 21ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് കേരളത്തിൽ ആകെയുള്ള 2,69,53,644 വോട്ടർമാരിൽ 2,23,558 പേർ പ്രവാസി വോട്ടർമാരാണ്. ഇവരിൽ തന്നെ കൂടുതൽ പേരും മലബാർ മേഖലയില്‍ നിന്നുള്ളവരും. അന്തിമ പട്ടികയ്ക്ക് ശേഷവും വോട്ട് ചേർക്കൽ തുടരുന്നതിനാൽ പ്രവാസി വോട്ടർമാരുടെ എണ്ണം ഇനിയും ഉയരും. മുമ്പ് തെരഞ്ഞെടുപ്പുകളില്‍ പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തി പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ ഇക്കുറി കഥ മാറി, അപ്രതീക്ഷിതമായി പശ്ചിമേഷ്യയിലുണ്ടായ സംഘർഷം വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നാട്ടിലാണെങ്കിലും അതിന്‍റെ ചൂട് പ്രവാസലോകത്തും പ്രതിഫലിക്കാറുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ സ്ഥാനാർത്ഥി നിർണയവും നാട്ടിലെ രാഷ്ട്രീയ അട്ടിമറികളുമെല്ലാം ഗൾഫിലെ പ്രവാസി മലയാളികളുടെ ചായ ചർച്ചകളുടെ ഭാഗമാണ്. ഇത്തവണ അതത് ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചു കൊണ്ടാണ് പ്രവാസി മലയാളികളുടെ ജീവിതം. കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് അനുപാതികമായ വിമാന സർവീസുകൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരുന്നു. കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തി കൂടുതൽ വിമാന സർവീസുകൾ ക്രമീകരിക്കുകയും യാത്രാ സൗകര്യങ്ങൾ സുഗമമാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Previous Post Next Post