നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ നിര്യാതനായി

 


കൊല്ലം:- നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ (71) നിര്യാതനായി.അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു രാജേന്ദ്രന്‍. കൊല്ലം പട്ടത്താനത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ മുകേഷിന്റെ സഹോദരി ഭര്‍ത്താവാണ്.

നാടക നടനായാണ് തുടക്കം. തുടര്‍ന്ന് സിനിമയില്‍ എത്തിയ രാജേന്ദ്രന്‍ അറുപതോളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു. ഇതിന് പുറമേ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ തൃത്തല്ലൂരിലെ ഏങ്ങൂര്‍ തറവാട്ടില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായാണ് ജനനം. തൃത്തല്ലൂര്‍ യു പി സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്‌കൂള്‍ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കലാലയപഠനത്തിനു ശേഷം ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന രാജേന്ദ്രന്‍, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്‌സിനു ചേര്‍ന്നു.

പൂനയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദര്‍ഭത്തിലാണ് ഒ മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രന്‍ പരിചയപ്പെടുന്നതും തുടര്‍ന്ന് ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിയായിരുന്നു.

വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രന്‍, ഭാര്യാപിതാവായ ഒ മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ രാജേന്ദ്രന്‍ തന്നെ ഒരു റഷ്യന്‍ നോവല്‍ നാടകമാക്കി.1987ല്‍ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഈ നാടകം നേടുകയുണ്ടായി.

പിന്നീട് രാജേന്ദ്രന്‍ തന്നെയായിരുന്നു കാളിദാസകലാകേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരന്‍. തുടര്‍ന്ന് ആറേഴു വര്‍ഷം രാജേന്ദ്രനും സന്ധ്യയും തന്നെയായിരുന്നു കാളിദാസ കലാകേന്ദ്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഇക്കാലയളവില്‍ സന്ധ്യയ്ക്ക് ഏറ്റവും മികച്ച നാടകനടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു.

പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തു വന്ന രാജേന്ദ്രന്‍ വി ആര്‍ ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് കുറേക്കാലം ചലച്ചിത്രമേഖലയില്‍ നിന്ന് മറ്റ് അവസരങ്ങളൊന്നും ഇദ്ദേഹത്തെ തേടിയെത്തിയില്ല. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരികെയെത്തിയത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്. പിന്നീട് പ്രണയവര്‍ണ്ണങ്ങള്‍, ദയ, പട്ടാഭിഷേകം തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും അഭിനയിച്ചു.

Previous Post Next Post