ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ ; ദുബായ് വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം


അബുദാബി :- ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം പതിച്ചു. സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ അറിയിച്ചു. ഇന്ധന ടാങ്കിലാണ് ഡ്രോണ്‍ അവശിഷ്ടം പതിച്ചത്. തീ അണക്കാൻ ശ്രമിക്കുകയാണെന്നും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതിനിടെ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി യുഎഇയിലെത്തി. യുഎഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സായിദുമായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി നിർണായക ചർച്ച നടത്തി. പശ്ചിമേഷ്യൻ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. യു.എ.ഇ പ്രസിഡന്‍റുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സംസാരിച്ചു. യു.എ.ഇയെയും സഹോദര രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ സുപ്രധാന ചർച്ച നടന്നുവെന്ന് യുഎഇ വാർത്താ എജൻസി റിപ്പോര്‍ട്ട് ചെയ്തു. അടിയന്തരമായി യുദ്ധം വസാനിപ്പിക്കണമെന്ന് സൗദിയും യു.എ.ഇയും ആവശ്യപ്പെട്ടു.

ഖത്തർ പ്രധാനമന്ത്രിയുമായി സൗദി വിദേശകാര്യമന്ത്രി സംസാരിച്ചു. ബഹറൈൻ വിദേശകാര്യമന്ത്രിയുമായും സംസാരിച്ചു.ഇതിനിടെ, കൂടുതൽ ആക്രമണശ്രമങ്ങൾ തടഞ്ഞെന്ന് സൗദി അറിയിച്ചു. ഇതുവരെ സൗദി 56 ബലിസ്റ്റിക് മിസൈലുകളും 17 ക്രൂസ് മിസൈലുകളും 450 ഡ്രോണുകളുമാണ് നേരിട്ടത് . അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ മൊബൈൽ ആപ്ലിക്കേഷനും സൗദി പുറത്തിറക്കി.അതേസമയം, ലക്ഷ്യം പൂർത്തിയാക്കും വരെ ഇറാന് മേൽ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ വ്യക്തമാക്കിയത്. സർക്കാരുകളെ അട്ടിമറിക്കുക അല്ല ലക്ഷ്യമെന്നും ഡെഫ്രിൻ പ്രതികരിച്ചു. അതിനിടെ ഇറാൻ ചർച്ചകൾക്ക് തയാറായി എന്ന ട്രംപിന്‍റെ അവകാശ വാദം ഇറാന്റെ വിദേശകാര്യ മന്ത്രി നിഷേധിച്ചു.  

Previous Post Next Post