ഇരിക്കൂർ GCC KMCC മുസാബഖ സീസൺ-8 ഗ്രാൻ്റ് ഫിനാലെയിൽ എൻ.മുഹമ്മദ് റബീഹിന് ഒന്നാംസ്ഥാനം


ഇരിക്കൂർ : ആധുനിക മനുഷ്യൻ്റെ സകല പ്രശ്നങ്ങൾക്കും പരിഹാരം ഖുർആനിലേക്ക് മടങ്ങുകയെന്നതാണെന്നും നൂറ്റാണ്ടുകൾക്ക് മുന്നേ പ്രവാചകരിലൂടെ അവതരിച്ച ഖുർആനിക ദർശനങ്ങൾ ആധുനിക ശാസ്ത്രലോകത്തിന് വഴി കാട്ടിയാവുന്നത് വർത്തമാനകാല ശാസ്ത്രലോകം വിസ്മയത്തോടെയാണ് നോക്കിക്കാണുന്നതെന്ന് അഡ്വ: അബ്ദുൽ കരീം ചേലേരി. ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങൾ വർഷങ്ങൾക്ക് മുമ്പേ ഖുർആനിലൂടെ വ്യക്തമാക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ പാശ്ചാത്യലോകം വ്യാപകമായി ഖുർആനെ പഠിക്കുകയും ഇസ്ലാമിലേക്ക് കടന്നുവരികയും ചെയ്യുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇരിക്കൂർ ജിസിസി കെ എം സിസി യുടെ ജില്ലാതല ഖുർആൻ പാരായണ മത്സരം മുസാബഖ സീസൺ 8 ൻ്റെ ഗ്രാൻ്റ് ഫിനാലെ നിലാമുറ്റം റഹ്മാനിയ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപരിധിയില്ലാതെ പുരുഷന്മാർക്കായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല ഖുർആൻ പാരായണ മത്സരം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഓൺലൈൻ മത്സരത്തിൽ മാറ്റുരച്ച 200 പേരിൽ നിന്ന് പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുത്ത ഇരുപത്തിഅഞ്ച് പേരാണ് മത്സരത്തിന് അർഹത നേടിയത്.

പ്രസിഡൻ്റ് എം.പി ഹനീഫ അധ്യക്ഷത വഹിച്ചു. അറയ്ക്കൽ അബ്ദുറസാഖ് ദാരിമി പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി.  സി.കെ മുഹമ്മദ് മാസ്റ്റർ, എം.ഉമ്മർ ഹാജി, കെ.ടി നസീർ, കെ.പി അസീസ് മാസ്റ്റർ, എൻ.വി ഹാരിസ്, സി.സി ഹിദായത്ത്, മുനീർ കുന്നത്ത് എന്നിവർ സംസാരിച്ചു. കെ.ആർ ഉമൈർ സ്വാഗതവും വി.ഉമ്മർ കുട്ടി നന്ദിയും പറഞ്ഞു.   

സമാപന സെഷൻ പി.കെ അബൂബക്കർ ഹാജി ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.മുഹമ്മദ് അഷറഫ് ഹാജി അധ്യക്ഷത വഹിച്ചു. ഖലീൽ ഹുദവി കാസറഗോഡ് സമാപന പ്രസംഗം നടത്തി. നിലാമുറ്റം ഖത്തീബ് ഹസ്സൻ മുസ്ല്യാർ ഏര്യം, കെ.ടി സിയാദ് ഹാജി, കെ.വി അബ്ദുൽ ഖാദർ, ശിഹാബുദ്ദീൻ പള്ളിപ്പാത്ത്, വിമുനീർ, കെ.മൻസൂർ പി.എം സനീർ, എൻ.വി ഷഫീഖ്, കെ.റഹീസ്, കെ.എ അനീസ് എന്നിവർ സംസാരിച്ചു. യു.പി അബ്ദുറഹ്മാൻ സ്വാഗതവും കെ ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു. 

ജില്ലാതല ഖുർആൻ പാരായണ മത്സരം മുസാബഖ സീസൺ 8 ഗ്രാൻ്റ് ഫിനാലയിൽ വളപ്പിനകത്ത് മാമുഹാജി (കൊളപ്പ) സ്മരണാർത്ഥം ഏർപ്പെടുത്തിയ ഒന്നാം സമ്മാനമായ 50,001 രൂപയും പ്രശസ്തിപത്രവും എൻ.മുഹമ്മദ് റബീഹ് ആദികടലായി കരസ്ഥമാക്കി. രണ്ടാം സമ്മാനം കുണ്ടൻ്റവിട മുഹമ്മദ് സ്മാരകമായ 33, 333 രൂപയും സർട്ടിഫിക്കറ്റും ഹാഫിള് ഉത്ബാഹ് മുഴപ്പിലങ്ങാടും മൂന്നാം സമ്മാനം സി.വി മേമി ഹാജി സ്മാരക 26,666 രൂപയും സർട്ടിഫിക്കറ്റും കെ.പി ബിഷറുൽ ആബിദും നേടി. മുഴുവൻ മത്സരാർത്ഥികൾക്കും ക്യാഷ് പ്രൈസും ഉപഹാരവും നൽകി.



Previous Post Next Post