കണ്ണാടിപ്പറമ്പ് :- കണ്ണൂർ ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയും കുപ്രസിദ്ധ മയക്കുമരുന്ന് വിൽപ്പനക്കാരനുമായ ബീഹാർ സ്വദേശി എക്സൈസിന്റെ പിടിയിൽ. ബീഹാർ സ്വദേശിയായ സർപറാജ് ഖാൻ (ഉസ്മാൻ - 28) ആണ് 4.190 കിലോ ഗ്രാം കഞ്ചാവുമായി പിടിയിലായത്. കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് കാട്ടാമ്പള്ളി, കണ്ണാടിപ്പറമ്പ്, വാരം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി, സുഹൈൽ പി.പി എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി ഏറെ നാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിയിലായ സർപറാജ് ഖാനെതിരെ കണ്ണൂർ ജില്ലയിലെയും ആന്ധ്രാ പ്രദേശിലെയും വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ നിരവധി കേസുകളുണ്ട്.
എക്സൈസ് അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അനിൽ കുമാർ പി.കെ, അബ്ദുൽ നാസർ ആർ.പി, പുരുഷോത്തമൻ സി, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈൽ പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈന വി.കെ, ഗണേഷ് ബാബു പി.വി, ശ്യാം രാജ് എം.വി, സായൂജ് വി.കെ എന്നിവരാണ് പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കും
