കരിപ്പൂർ :- ഹജ് കമ്മിറ്റി മുഖേനയുള്ള കേരളത്തിലെ ഹജ് യാത്ര ഏപ്രിൽ 30 മുതൽ ആരംഭിക്കാനിരിക്കെ, മൂന്ന് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും ഹജ് ക്യാംപുകൾ ഒരുക്കാൻ സംസ്ഥാന ഹജ് കമ്മിറ്റി നടപടി തുടങ്ങി. യാത്ര ആരംഭിക്കുന്നതിന്റെ ഒരു ദിവസം മുൻപായിരിക്കും ഹജ് ക്യാംപുകൾ പ്രവർത്തിക്കുക. അതിനു മുന്നോടിയായി ക്യാംപ് നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കും.
ആദ്യപടിയായി കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ കലക്ടർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് അധികൃതരുടെ യോഗം ചേരും. വിമാനത്താവള അധികൃതർ, വിമാനക്കമ്പനി, കസ്റ്റംസ്, എമിഗ്രേഷൻ, പോലീസ്, അഗ്നിശമന സേനാ ഏജൻസി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഓരോ ക്യാംപിലും പാസ്പോർട്ട്, തീർഥാടകരുടെ അനുബന്ധ രേഖകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനു ഹജ് സെൽ വിഭാഗത്തിലേക്ക് ഓഫിസർമാരെ നിയമിക്കാൻ സംസ്ഥാന ഹജ് കമ്മിറ്റി അടുത്ത ദിവസം സർക്കാരിനോട് ആവശ്യപ്പെടും. പോലീസ് ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെയാണ് മൂന്നിടത്തെയും ഹജ് സെല്ലുകളിൽ നിയമിക്കുക.
കൊച്ചിയിൽനിന്ന് ഏപ്രിൽ 30ന് ആണ് കേരളത്തിൽനിന്നു ള്ള ആദ്യ ഹജ് വിമാനം. കണ്ണൂ രിൽനിന്ന് മേയ് അഞ്ചിനും കോ ഴിക്കോട്ടുനിന്ന് മേയ് 15നും ഹജ് വിമാന സർവീസ് ആരംഭിക്കും. - സംസ്ഥാനത്തുനിന്ന് ഇതുവരെ 13, 177 പേർക്കാണ് അവസരം ലഭിച്ചത്. കൊച്ചിയിൽ നിന്ന് 7935, കണ്ണൂരിൽ നിന്ന് 4286, കോഴിക്കോട്ടു നിന്ന് 928 വീതം തീർഥാടകരാണ് യാത്ര ചെയ്യുന്നത്. കേരളത്തിൽ നിന്ന് അവസരം ലഭിച്ച 28 പേർ കേരളത്തിനു പുറത്തെ വിമാനത്താവളങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
അതേസമയം, മക്കയിലും മദീനയിലും വിവിധ മേഖലകളിലെ സേവനത്തിനായി കേന്ദ്ര ഹജ് കമ്മിറ്റി ഡപ്യൂട്ടേഷനിൽ സർക്കാർ ജീവനക്കാരെ നിയമിക്കുന്നുണ്ട്. അതിനായി കേരളത്തിൽ നിന്ന് 59 പേരെ തിരഞ്ഞെടുത്തു. ആരോഗ്യമേഖലയിലും വിമാനത്താവളത്തിലും ഹജ് മിഷൻ ഓഫിസുകളിലും മറ്റുമായി ജോലി ചെയ്യേണ്ടവരാണ് ഇവർ. എന്നാൽ, കേരളത്തിൽ നിന്നു തിരഞ്ഞെടുത്തവരുടെ നടപടിക്രമങ്ങൾ തിരഞ്ഞെടുപ്പ് നിയന്ത്രണങ്ങളിൽ കുടുങ്ങിയിരുന്നു. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഇടപെട്ടതിനെത്തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ചു.
