തിരുവനന്തപുരം :- രാത്രി സമയത്തെ വൈദ്യുതി ആവശ്യം 300 മെഗാവാട്ട് കൂടി കടന്നാൽ സംസ്‌ഥാനത്തു വൈദ്യുതി നിയന്ത്രണം വരും. 14നു സംസ്ഥാനത്തെ പീക്ക് ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോർഡിലെത്തി. ഇത് 6300 മെഗാവാട്ട് ആയാൽ പ്രസരണ ശൃംഖലയുടെ പരമാവധി ശേഷിയാകും. അതിൽ കൂടുതൽ വൈദ്യുതി എത്തിക്കാനാവില്ല. ഇതോടെ നിയന്ത്രണം വേണ്ടിവരും. 10-15 മിനിറ്റ് വരെ ഫീഡർ ഓഫ് ചെയ്ത് ലോഡ് കുറയ്ക്കുന്ന നിയന്ത്രണത്തിനാണു സാധ്യത. ലോഡ് 6000 മെഗാവാട്ടിനു മുകളിലെത്തിയതിനെത്തുടർന്ന് സംസ്‌ഥാനത്തു പലയിടത്തും ട്രാൻസ്ഫോമറുകൾ തകരാറിലായി.
കൂടുതലും വടക്കൻ കേരളത്തിലാണ്. ട്രാൻസ്ഫോമർ ശേഷിയുടെ 90% വരെ സോളർ പ്ലാൻ്റുള്ള സ്‌ഥലങ്ങളിലാണ് ട്രാൻസ്ഫോമറുകൾ കൂടുതൽ തകരാറിലായതെന്നും കെഎസ്ഇബി വിലയിരുത്തുന്നു. വലിയ തോതിലുള്ള ലോഡ് വ്യതിയാനം കാരണമാണിതെന്നും നിലവിലെ ട്രാൻസ്ഫോമറുകളുടെ ഘടന മാറ്റേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും കഠിനമായ ചൂടിനു സാധ്യത. ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്ട് താപനില 40 ഡിഗ്രി സെൽഷ്യസ് വരെയെത്താം; കൊല്ലം 39 ഡിഗ്രി, കോട്ടയം 38 ഡിഗ്രി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ 37 ഡിഗ്രി, തിരുവനന്തപുരത്ത് 36 ഡിഗ്രി എന്നിങ്ങനെയാകും താപനില.
