വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ചർച്ചകൾ തുടങ്ങും ; വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വർണ്ണത്തിന് പ്രാധാന്യം നൽകണമെന്നും വി.എൻ വാസവൻ


തൃശ്ശൂർ :- മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ അമിത അളവിൽ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ചർച്ചകൾ തുടങ്ങും. ഒളിമ്പിക്സിൽ അടക്കം നടത്തുന്നതുപോലെ വർണ്ണാഭമായ രീതിയിൽ നടത്തണം. വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വർണ്ണത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ ക്രമീകരിക്കണം. തൃശ്ശൂർ പൂരത്തിന്റെ ഈ വർഷത്തെ വെടിക്കെട്ട് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും വി എൻ വാസവൻ പറഞ്ഞു.

ദുരന്തത്തിൽ ആദ്യം തിരിച്ചറിഞ്ഞത് 10 പേരുടെ മൃതദേഹങ്ങളാണ്. ഇന്നലെ ഒരാളെ കൂടി തിരിച്ചറിഞ്ഞു. 29 മൃതദേഹ അവശിഷ്ടങ്ങളാണ് ഇതുവരെ ലഭിച്ചത്. അതിന്റെ ഡി എൻ എ പരിശോധന നടക്കുകയാണെന്നും വി എൻ വാസവൻ പറഞ്ഞു. നാല് പേരുടെ കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. സംഭവ സമയത്ത് മൊത്തം 38 പേരാണ് ഉണ്ടായിരുന്നത്. എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ചുള്ള രേഖകൾ എല്ലാം നഷ്ടമായി. നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ചെറിയ പരിക്കുകൾ ഉണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്തുവെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

അതേസമയം തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയിൽ നിന്ന് വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി. ഒരു തലയുടെ ഭാഗവും കൈയ്യുടെ ഭാഗങ്ങളാണ് ലഭിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റർ അപ്പുറത്തുള്ള പറമ്പിൽ നിന്നാണ് തലയുടെ ഭാഗം കണ്ടെത്തിയത്. ഒരു കിലോമീറ്റർ അകലെ നിന്നാണ് കൈയ്യുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇവ തെരുവുനായ്ക്കൾ കൊണ്ടിട്ടതാകാമെന്നാണ് സംശയിക്കുന്നത്. മുണ്ടത്തികോട്ടെ പാട ശേഖരങ്ങളിൽ രണ്ടിടത്തുനിന്ന് കൂടി ചെറിയ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദുരന്ത ഭൂമിയിൽ തെരച്ചിൽ തുടരുകയാണ്. കെഡാവർ നായ്ക്കളുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. 10 പേര്‍ അടങ്ങുന്ന സംഘങ്ങളായി തിരഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സമീപത്തെ വീടുകളുടെ പരിസരങ്ങളിലും പരിശോധിക്കും. നാട്ടുകാരുടെ സഹായത്തോടെയാകും പരിശോധന. അതേസമയം, അപകട മേഖല ലഭിച്ച ശരീര ഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം നാളെ മുതൽ ലഭ്യമാകും. മുണ്ടത്തിക്കോട് ദുരന്തഭൂമിയിൽ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ തൃശൂർ മെഡിക്കൽ കോളേജിൽ മൊബൈൽ ഡിഎൻഎ ടെസ്റ്റിംഗ് യൂണിറ്റ് എത്തിയിട്ടുണ്ട്.



Previous Post Next Post