നാറാത്ത്:- നാറാത്ത് ഡിസ്‌പെൻസറിക്ക് സമീപം ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് വൻമരം കടപുഴകി വീണു. വ്യാഴാഴ്ച രാത്രി 8:30-ഓടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. പൂമംഗലത്ത് നിന്നും കൊയിലി ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്ന നിഖിലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. നിഖിലും കുടുംബവും സഞ്ചരിച്ച ബൊലേറോ വാഹനത്തിന് മുകളിലേക്ക് മരം പതിക്കുകയായിരുന്നു.
വാഹനത്തിന്റെ മുൻഭാഗത്തേക്ക് (ബോണറ്റ്) മരം വീണതിനാൽ ഉള്ളിലുണ്ടായിരുന്ന യാത്രക്കാർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരം വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ലൈനുകൾ തകരുകയും വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെടുകയും ചെയ്തു.
തിരക്കേറിയ റോഡിൽ മരം വീണതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് അഗ്നിശമന സേനയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നാട്ടുകാരും ഉടൻ സ്ഥലത്തെത്തി. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. തകർന്ന വൈദ്യുതി ലൈനുകൾ പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ കെ.എസ്.ഇ.ബി ജീവനക്കാർ തുടർന്നു വരികയാണ്.
