ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം.
ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവാണ് ആശാ ഭോസ്‌ലെ. 1943ല്‍ 'മജാബാല്‍' എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ല്‍ 'ബഡി മാ' എന്ന ചിത്രത്തിലാണ് ഹിന്ദിയില്‍ ആദ്യമായി പാടിയതെങ്കിലും 1948ല്‍ പുറത്തിറങ്ങിയ 'ചുനാരിയ' ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്.
ഒ പി നയ്യാറിന്റെ സംഗീതസംവിധാനത്തില്‍ 1956-ല്‍ 'സി ഐ ഡി' എന്ന ചിത്രത്തില്‍ പാടിയത് കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറി. 1966-ല്‍ 'തീസിരി മന്‍സില്‍' എന്ന ചിത്രത്തിലൂടെ ആരംഭിച്ച ആശാ ഭോസ്‌ലെ- ആര്‍ ഡി ബര്‍മന്‍ കൂട്ടുകെട്ട് വലിയ വിജയമായി മാറി. പിന്നീട് തന്റെ ജീവിതത്തിലും ആര്‍ ഡി ബര്‍മനെ ആശാ ഭോസ്‌ലെ കൂടെകൂട്ടുകയായിരുന്നു. 1990കളില്‍ സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ 1995-ല്‍ 'രംഗീല' എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്‌മാനാണ് സിനിമാ പിന്നണി ഗാന രംഗത്തേക്ക് തിരിച്ചുകൊണ്ടുവന്നത്.
തുടര്‍ന്ന് താല്‍, ലഗാന്‍, ദൗഡ്, ഇരുവര്‍ തുടങ്ങിയ നിരവധി റഹ്‌മാന്‍ ചിത്രങ്ങളിലും പാടി. ഒ പി നയ്യാര്‍, ബോംബെ രവി, എസ് ഡി ബര്‍മന്‍, ആര്‍ ഡി ബര്‍മന്‍, ഇളയരാജ, റഹ്‌മാന്‍, ജയ്ദേവ്, ശങ്കര്‍ജയ്കിഷന്‍, അനുമാലിക്ക് തുടങ്ങി ഇന്ത്യയിലെ പ്രഗല്‍ഭരായ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്.
