കണ്ണൂർ :- ജനപ്രിയ വണ്ടിയായ കണ്ണൂർ - തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിക്ക് 15 വയസ്സ്. 2011-ൽ കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ ഓടിയ വണ്ടി 2013-ൽ കണ്ണൂരിലേക്ക് നീട്ടുകയായിരുന്നു. 15 വർഷം പൂർത്തിയായിട്ടും ജനശതാബ്ദി കേരളം മുഴുവൻ ഓടുന്നില്ല. കാസർഗോഡ് ഭാഗത്തേക്ക് ഓടാതെ അത് കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്നു.
മുഴുവൻ സീറ്റും റിസർവ് ചെയ്ത് ഓടുന്ന വണ്ടി പ്രതിദിന സർവീസാക്കാനുമായില്ല. നിലവിൽ ആഴ്ചയിൽ രണ്ടുദിവസം സർവീസില്ല. തിരുവനന്തപുരത്ത് നടത്തുന്ന അറ്റകുറ്റപ്പണിക്ക് വേണ്ടിയാണിത്. 2024-ൽ ജനശതാബ്ദിയുടെ ഐ.സി.എഫ് പരമ്പരാഗത കോച്ചുകൾ മാറ്റി ലിങ്ക് ഹൊഫ്‌മാൻ ബുഷ് (എൽ.എച്ച്.ബി) കോച്ചിലേക്ക് മാറി.
കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (12081) ബുധനും ഞായറും ഓടില്ല. കണ്ണൂരിൽനിന്ന് പുലർച്ചെ 4.50-ന് പുറപ്പെടും. 15 സ്റ്റോപ്പുകളിൽ നിർത്തും. ഉച്ചയ്ക്ക് 2.10-ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (12082) ചൊവ്വയും ശനിയും ഓടില്ല. തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 2.50 ന് പുറപ്പെടും. രാത്രി 12.50 ന് കണ്ണൂരിലെത്തും. റിസർവ് ചെയ്യപ്പെട്ട എ.സി ചെയർകാറും സിറ്റിങ് സീറ്റുമാണുള്ളത്.
