20 വർഷത്തെ ജയിൽവാസത്തിന് ശേഷം മലയാളികളുടെ സ്നേഹത്തണലിൽ ; അബ്​ദുൽ റഹീം കേരളത്തിലെത്തി


കോഴിക്കോട് :- ലോകമെമ്പാടുമുള്ള മലയാളികളുടെ കാരുണ്യത്തിൽ വധശിക്ഷയിൽ നിന്നും ജീവൻ തിരിച്ചുപിടിച്ച കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീം ജന്മനാട്ടിലെത്തി. നീണ്ട രണ്ട് പതിറ്റാണ്ടുകാലത്തെ ജയിൽവാസത്തിന് ശേഷം വ്യാഴാഴ്ച രാവിലെ 7.35ഓടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അദ്ദേഹം കരിപ്പൂരിൽ വിമാനമിറങ്ങിയത്. റഹീമിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും റഹീം സഹായ സമിതി ട്രസ്​റ്റ്​ ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലിയാണ് വിമാനത്താവളത്തിൽ എത്തിയത്.

റഹീമിന്റെ കുടുംബത്തി​ന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്​ച രാത്രിയോടെ റിയാദിലെ ഇസ്കാൻ ജയിലിൽനിന്ന്​ മോചിതനായ റഹീം, ഐ.എക്​സ്​ 322 വിമാനത്തിലാണ് യാത്ര തിരിച്ചത്. ഇക്കഴിഞ്ഞ മെയ് 26-നാണ്​ റഹീമിന്റെ മോചന ഉത്തരവ് ഇറങ്ങിയതും എക്സിറ്റ് വിസ ലഭ്യമായതും. 

2006 നവംബറിൽ റിയാദിൽ ഹൗസ് ഡ്രൈവറായി എത്തിയ റഹീമിന്, സ്പോൺസറുടെ ശാരീരിക ബുദ്ധിമുട്ടുകളുള്ള മകനെ പരിചരിക്കുന്നതിനിടയിലുണ്ടായ അബദ്ധമാണ് വധശിക്ഷയിലേക്ക് നയിച്ചത്. വാഹനത്തിൽ വെച്ച് കുട്ടി അക്രമാസക്തനായപ്പോൾ തടയുന്നതിനിടെ, കൈതട്ടി കഴുത്തിലെ മെഡിക്കൽ ഉപകരണം തകരാറിലാവുകയും ശ്വാസതടസ്സം മൂലം കുട്ടി മരിക്കുകയുമായിരുന്നു. തുടർന്ന് കോടതി വധശിക്ഷ വിധിച്ചു. ജയിൽ മോചിതനാക്കാൻ 34 കോടിയിലേറെ രൂപ ദിയാധനമായി നൽകണമെന്നതായിരുന്നു ഏക വഴി. അസാധ്യമെന്ന് കരുതിയ ഈ ലക്ഷ്യം ആഗോള മലയാളി സമൂഹം ഒത്തൊരുമയോടെയാണ് പൂർത്തിയാക്കിയത്. റഹീമി​െൻറ മോചനവും മടക്കയാത്രയും ഒരു പെരുന്നാൾ ദിനത്തിലായത് തികച്ചും യാദൃച്ഛികവും ചരിത്ര നിയോഗവുമായി മാറി.


Previous Post Next Post