മേയ് മാസത്തിൽ തകർത്ത് പെയ്ത് വേനൽമഴ ; 4 ജില്ലകളിൽ അധികം മഴ ലഭിച്ചു


കണ്ണൂർ :- വേനൽമഴക്കണക്കിലെ കുറവ് പരിഹരിച്ച് മേയ് മഴ. ഏപ്രിൽ 30 ന് സംസ്ഥാനത്ത് 44 ശതമാനമുണ്ടായിരുന്ന മഴക്കുറവ് നിലവിൽ 18 ശതമാനമായി കുറഞ്ഞു. മേയ് തുടക്കം മുതൽ മഴ തകർത്ത് പെയ്തതാണ് ഇതിനു കാരണം. മാർച്ച് മുതൽ മേയ് 15 വരെ 185.7 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്ത് പെയ്തത്. 227.9 മില്ലിമീറ്റർ പെയ്യേണ്ടിയിരുന്നിടത്താണിത്. ഏപ്രിൽ 30 വരെ സംസ്ഥാനത്ത് കിട്ടിയത് 78.4 മില്ലിമീറ്റർ മഴയായിരുന്നു. 107.3 മില്ലിമീറ്റർ മഴയാണ് മേയിൽ സംസ്ഥാനത്ത് കിട്ടിയത്. ആദ്യ ആഴ്ചയിൽ 50 മി.മീ, രണ്ടാമത്തെ ആഴ്ചയിൽ 57.4 മി.മീ വീതം മഴയാണ് സംസ്ഥാനത്ത് മൊത്തമായി ലഭിച്ചത്. മധ്യ-തെക്കൻ ജില്ലകളിലായിരുന്നു ഇതിലധികവും ലഭിച്ചത്. ഇതോടെ ഏപ്രിലിൽ മഴക്കണക്കിലുണ്ടായിരുന്ന വലിയ മഴ കുറവ് ഒരുപരിധിവരെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്.

ഏപ്രിൽ അവസാനിക്കുമ്പോൾ സംസ്ഥാനത്തെ ആറു ജില്ലകളിൽ സാധാരണ പെയ്യേണ്ടതിൻ്റെ പകുതി മഴ പോലും രേഖപ്പെടുത്തിയിരുന്നില്ല. പാലക്കാട് (74), മലപ്പുറം (72), തൃശ്ശൂർ (59), ഇടുക്കി (58), കൊല്ലം (55), വയനാട് (52) ശതമാനം വീതമായിരുന്നു മഴക്കുറവുണ്ടായിരുന്നത്. എന്നാൽ മേയ് 15 ആകുമ്പോഴേക്കും നാല് ജില്ലകളിൽ അധികമഴയെന്ന സ്ഥിതിയിലേക്കെത്തി. കാസർകോട് (31), കണ്ണൂർ (50), കോഴിക്കോട് (26), പത്തനംതിട്ട (14) എന്നീ ജില്ലകളിലാണ് അധികമഴ രേഖപ്പെടുത്തിയിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിലും മഴ ശക്തമാകുന്നതോടെ മേയ് അവസാനിക്കുന്നതിനു മുൻപ് തന്നെ വേനൽമഴയിലെ കുറവ് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Previous Post Next Post