പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്‌സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ 6 വയസുകാരൻ മരിച്ചു


പാലക്കാട് :- പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്‌സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് അപകടത്തിൽ മരിച്ചത്. ചാലിശ്ശേരി ആലിക്കരയിൽ വെച്ച് വെള്ളിയാഴ്‌ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശത്തെ ക്യാബിനിൽ യാത്ര ചെയ്യുകയായിരുന്നു ഹൈസിൻ. 

യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിൻ്റെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിൻ്റെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപത്തെ പാടത്തേക്ക് മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.

Previous Post Next Post