വോട്ട് ചെയ്യാൻ പോയ അതിഥി തൊഴിലാളികൾ ഇനിയും തിരികെയെത്തിയില്ല ; സംസ്ഥാനത്തെ നിർമ്മാണ മേഖലയിലുൾപ്പടെ പ്രതിസന്ധി


കണ്ണൂർ :- സംസ്ഥാനത്തെ നിർമ്മാണ മേഖലയിലടക്കം തൊഴിലാളി ക്ഷാമം രൂക്ഷമാകുകയാണ്. അതിഥി തൊഴിലാളികൾ കൂട്ടത്തോടെ വോട്ട് ചെയ്യാനായി സ്വദേശങ്ങളിലേക്ക് പോയി മടങ്ങിയെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. നിർമ്മാണ മേഖലക്ക് പുറമേ ഹോട്ടൽ, പ്ലൈവുഡ് തുടങ്ങി സർവ്വ മേഖലകളേയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിർമ്മാണ മേഖലയിൽ തൊണ്ണൂറ് ശതമാനത്തിലേറെയും ജോലി ചെയ്യുന്നത് അതിഥി തൊഴിലാളികളാണ്. ബംഗാൾ, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ കൂടുതലും. വോട്ട് ചെയ്യാനായി ബംഗാളിലേക്ക് മിക്കവരും പോയത് ഏപ്രിൽ ആദ്യ വാരം. അന്നു തൊട്ട് നിർമ്മാണ മേഖലയുടെ താളം തെറ്റി. ഒന്നരമാസത്തിലേറെയായി ആ പ്രതിസന്ധി തുടരുകയാണ്. കോൺക്രീറ്റ്, തേപ്പ്, പടവ് തുടങ്ങിയ ജോലികളൊക്കെ മുടങ്ങി.

കരാറുകാർ തൊഴിലാളികളെ ബന്ധപ്പെടുന്നുണ്ടെങ്കിലും എപ്പോൾ മടങ്ങിയെത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്ത്വമുണ്ട്. ഇതിൽ ചെറുകിട കരാറുകാരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ നിർമ്മാണം തീർത്തു നൽകാമെന്ന് ഉറപ്പ് നൽകിയ ഇവർ വൻ നഷ്ടം സഹിക്കുകയാണ്. ഏറ്റെടുത്ത കരാർ ജോലികളിൽ മലയാളികൾ ചെയ്യുന്ന ഇലക്ട്രിക്ക്, പ്ലംബിങ്ങ് പോലുള്ളവ മാത്രമാണ് നടക്കുന്നത്. സമാന പ്രതിസന്ധിയിലൂടെയാണ് പ്ലൈവുഡ് മേഖലയും കടന്നു പോകുന്നത്. പെരുന്നാളിന് ശേഷം തൊഴിലാളികൾ മടങ്ങിയെത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകും.

Previous Post Next Post