വിധവ പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനായി എത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ചു


കോഴിക്കോട് :- വിധവ പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനായി എത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം നടന്നത്. നഗരസഭയിലെ റവന്യു ഇന്‍സ്‌പെക്ടര്‍ ധന്യ ജയറാമിനാണ് കൈയ്യില്‍ കടിയേറ്റത്. വിധവ പെന്‍ഷന്‍റെ അപേക്ഷയുമായി വന്നപ്പോള്‍ പുനര്‍ വിവാഹിതയല്ലെന്ന രേഖ സമര്‍പ്പിക്കാന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രകോപിതയായ സ്ത്രീ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. 

ഇവര്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണോ എന്ന് സംശയമുണ്ട്. ഓഫീസിലെ ഫയലുകള്‍ എല്ലാം വാരിവലിച്ചെറിഞ്ഞ നിലയിലാണ്. ധന്യ ജയറാമിനെ ഉപദ്രവിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച രണ്ട് വനിതാ ജീവനക്കാര്‍ക്കും പരിക്കേറ്റു. രേഖ, ആരിഫ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒടുവില്‍ പൊലീസ് എത്തി ഇവരെ ഇവിടെ നിന്നും മാറ്റുകയായിരുന്നു. സംഭവത്തിനുശേഷം സ്ത്രീയുടെ ബന്ധുക്കളെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാര്‍ ആരോപിച്ചു.

Previous Post Next Post