വയലിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു


കോഴിക്കോട് :- താമരശ്ശേരിയിൽ ഒരു ദിവസത്തെ ഇടവേളയിൽ രണ്ട് പേർക്ക് പാമ്പ് കടിയേറ്റു. പത്ത് വയസ്സുള്ള കുട്ടിയും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവുമാണ് ചികിത്സയിലുള്ളത്. കോരങ്ങാട് സ്വദേശി യൂസഫിന്റെ മകൻ മുഹമ്മദ് റയാനും തച്ചംപൊയിൽ ചാലക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊയിലാണ്ടി നടേരി സ്വദേശി ചാമവളപ്പിൽ ഷെമീദി(21)നുമാണ് പാമ്പ് കടിയേറ്റത്. 

കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെയാണ് വീടിന് സമീപത്തെ വയലിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ റയാന് അപകടം സംഭവിച്ചത്. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി എട്ടോടെ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ കാരാടിയിൽ വെച്ചാണ് ഷെമീദിന് കടിയേറ്റത്. കടിച്ചത് ഏത് ഇനത്തിൽപ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 

Previous Post Next Post