തിരുവനന്തപുരം :- മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടന്ന റെയ്‌ഡ് പൂർത്തിയാക്കി മടങ്ങുന്നതിനിടെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായ സംഭവത്തിൽ ഡിജിപിയോട് വിശദാംശം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഡിജിപി ഫോണിലൂടെ വിശദീകരണം നൽകി. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ പൊലീസിന് വീഴ്‌ച പറ്റിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവർണർ വിശദാംശം തേടിയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വീട്ടിൽ നടന്ന റെയ്‌ഡ് പൂർത്തിയാക്കി വാഹനത്തിൽ മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്കുനേരെ ആണ് സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ഉദ്യോഗസ്ഥരുമായി പുറത്തേക്ക് വന്ന വാഹനത്തിനുനേരെ പ്രതിഷേധവുമായി പാഞ്ഞടുത്ത പ്രവർത്തകർ, ഇഷ്ടികയും കമ്പും അടക്കം ഉപയോഗിച്ച് വാഹനം അടിച്ചുതകർക്കുകയായിരുന്നു. മൂന്നു വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. ആക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. പിന്നാലെ ഇഡി സംഘം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി.
അതേസമയം അക്രമത്തിൽ ഉൾപ്പെട്ട അഞ്ചുപേരുടെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി. പ്രതികൾ സിപിഎമ്മിന്റെ പാളയത്തെ ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം അവിടെ എത്തിയെങ്കിലും പൊലീസിനെ ഓഫീസിനുള്ളിലേക്ക് കയറാൻ നേതാക്കൾ അനുവദിച്ചില്ല. ഒടുവിൽ എഡിജിപി അടക്കം എത്തി നടത്തിയ അനുനയ ചർച്ചകൾക്കൊടുവിൽ ആറ് പ്രതികളെ സിപിഎം പൊലീസിന് കൈമാറി. അറസ്റ്റിലായവർക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയിട്ടുണ്ട്.
എക്സാലോജിക് സൊല്യൂഷൻസ് -സിഎംആർഎൽ ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ അനുകൂല ഉത്തരവ് ഉണ്ടായതിന് പിന്നാലെ ആണ് ഇഡി സംഘം പിണറായി വിജയന്റെ വസതികളിലടക്കം 12 ഇടങ്ങളിൽ റെയ്‌ഡ് നടത്തിയത്. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടകവീട്, കണ്ണൂർ പാണ്ട്യാലമുക്കിലെ വീട്, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, സിഎംആർഎൽ ശശിധരൻ കർത്തയുടെ വീട്, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. പിണറായി വിജയന്റെ മകൾ വീണ ടിയുടെ മൊഴി ഇഡി സംഘം രേഖപ്പെടുത്തി.
