തിരുവനന്തപുരം :- യുഡിഎഫിന്റെ രണ്ട് ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. വയോജന വകുപ്പ് രാജ്യത്ത് ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സമൂഹം പരിഷ്കൃതമാകമമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു. വയോജന വകുപ്പിന് പിന്നിൽ സ്വപ്നതുല്യമായ ലക്ഷ്യമുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. മന്ത്രിസഭയോ ഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനം.
ആശ വർക്കർമാരുടെ വേതനം 3000 രൂപ വർധിപ്പിച്ചതായും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. അങ്കണവാടി വർക്കർമാർക്ക് 1000 രൂപ കൂട്ടി. പാചകതൊഴിലാളികൾക്കും 1000 രൂപ വർധിപ്പിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ കൂടുതൽ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീ പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ കൂട്ടി. സാമ്പത്തിക സ്ഥിതിയിൽ ധവള പത്രം ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിലെ മാധ്യമവിലക്കും പുനഃപരിശോധിക്കും.
ജി സുധാകരനായിരിക്കും പ്രോ ടേം സ്പീക്കർ. 21 മുതൽ നിയമസഭസമ്മേളനം ആരംഭിക്കും. 21നായിരിക്കും എംഎൽഎമാരുടെ സത്യപ്രതിജ്ഞ. 29നായിരിക്കും നയപ്രഖ്യാപനം. ടി അസഫലിയെ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിച്ചു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ്റെ മർദനം എസ്ഐടി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ ആദ്യ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കീഴ് വഴക്കങ്ങൾ മാറ്റപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
