കേന്ദ്രത്തിന്റെ പിഎംവിബിആർവൈ പദ്ധതി: കണ്ണൂരിലെ ഉദ്ഘാടനം ജൂൺ 19-ന് റബ്കോ ഹൗസിൽ

 

കണ്ണൂർ:-യുവാക്കൾക്ക് കൂടുതൽ തൊഴിലും സുരക്ഷയും ഉറപ്പാക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ  പിഎംവിബിആർവൈ പദ്ധതിയെ പരിചയപ്പെടുത്തികൊണ്ടുള്ള പരിപാടിയുടെ ഉദ്ഘാടനം 2026 ജൂൺ 19 വെള്ളിയാഴ്ച നടക്കും. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  നിർവ്വഹിക്കുന്ന മുഖ്യ ചടങ്ങിനോടനുബന്ധിച്ച്, അന്ന് വൈകുന്നേരം 5 മണി മുതൽ 7 മണി വരെ കണ്ണൂർ റബ്കോ ഹൗസിലും പ്രാദേശിക ചടങ്ങ് സംഘടിപ്പിക്കും. എം.പി സദാനന്ദൻ മാസ്റ്റർ, കണ്ണൂർ മേയർ അഡ്വ പി ഇന്ദിര എന്നിവർ പങ്കെടുക്കുമെന്ന് പ്രൊവിഡന്റ് ഫണ്ട്‌ റീജിയണൽ കമ്മിഷണർ ജി എസ് ബിന്ദു പത്ര സമ്മേളനത്തിൽ അറിയിച്ചു. എൻഫോഴ്സ്മെന്റ് ഓഫീസർ മഹേഷ്, അക്കൗണ്ട്സ് ഓഫീസർ ഷിബിൻ അശോക് എന്നിവർ പങ്കെടുത്തു.

ഇപിഎഫ്ഒ വഴി നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 99,446 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. 2027 ജൂലൈയ്ക്കുള്ളിൽ 3.5 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിലവിൽ കേരളത്തിലെ 10,467 സ്ഥാപനങ്ങളിലെ ഒന്നര ലക്ഷത്തിലധികം (1,54,662) ജീവനക്കാർ ഈ പദ്ധതിയുടെ പരിധിയിൽ വരുന്നുണ്ട്.

ഒരു ലക്ഷം രൂപയോ അതിൽ താഴെയോ ശമ്പളമുള്ള, പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ ഇപിഎഫ് വേതനത്തിന് തുല്യമായ തുക (പരമാവധി 15,000 രൂപ) രണ്ട് ഗഡുക്കളായി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. കൂടാതെ, കൂടുതൽ ജീവനക്കാരെ നിയമിക്കുന്ന തൊഴിലുടമകൾക്ക് അവരുടെ കോർപ്പറേറ്റ് ബാങ്ക് അക്കൗണ്ടുകൾ വഴി പ്രതിമാസ ശമ്പള സബ്‌സിഡിയും പദ്ധതിയിലൂടെ ഉറപ്പാക്കുന്നുണ്ട്.

Previous Post Next Post