ഹാട്രിക്കോടെ റെക്കോർഡുകൾ തിരുത്തി മെസി; അർജന്റീനയ്ക്ക് മിന്നും ജയം

 


കാൻസാസ് സിറ്റി: -ലോകകപ്പിലെ റെക്കോർഡുകൾ ഒന്നൊന്നായി തിരുത്തിയെഴുതി അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി. കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ അള്‍ജീരിയക്കെതിരെ തന്‍റെ ഇരുന്നൂറാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ മെസി ഹാട്രിക് തികച്ച് ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്തി.16 ഗോളുകളാണ് ഇരുവരുടെയും പേരിലുള്ളത്. നേരത്തെ നടന്ന മത്സരത്തില്‍ മെസിയെ മറികടന്ന് മുന്നിലെത്തിയ എംബാപ്പെയെയും ഹാട്രിക്കോടെ മെസി പിന്നിലാക്കി. കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസി സ്കോര്‍ ചെയ്തത്. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്ക് ആണിത്

മത്സരത്തിനിറങ്ങിയതോടെ ഫുട്ബോൾ ചരിത്രത്തിൽ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ പുരുഷ താരം എന്ന റെക്കോർഡ് മെസി സ്വന്തമാക്കിയിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന തന്‍റെ സ്വന്തം റെക്കോർഡ് മെസി ഈ മത്സരത്തോടെ 27 ആയി ഉയർത്തി. മത്സരത്തിന്‍റെ 17-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്‍റെ ത്രൂ പാസിൽ നിന്ന് മനോഹരമായൊരു കർവിങ് ഷോട്ടിലൂടെ മെസി അർജന്‍റീനയെ മുന്നിലെത്തിച്ചു. ഈ ഗോളോടെ അർജന്‍റീനയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും എന്ന അപൂർവ റെക്കോർഡ് മെസിക്ക് സ്വന്തമായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അൽജീരിയൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി മെസി തന്‍റെ രണ്ടാം ഗോളും നേടി അർജന്‍റീനയെ 2-0 ന് മുന്നിലെത്തിച്ചു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ 15 ഗോളുകളുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയ്ക്കൊപ്പമെത്തിയ മെസി തൊട്ടുപിന്നാലെ ഹാട്രിക് തികച്ച് മിറോസ്ലോവ് ക്ലോസെയുടെ എക്കാലത്തെയും വലിയ ഗോള്‍ വേട്ടക്കാരന്‍റെ(16 ഗോളുകള്‍) റെക്കോര്‍ഡിനൊപ്പമെത്തി. ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും മുപ്പത്തിയെട്ടുകാരനായ മെസി സ്വന്തമാക്കി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് അർജൻ്റീന അൾജീരിയയെ തോൽപ്പിച്ചത്.

Previous Post Next Post