കൊളച്ചേരി :- കൊളച്ചേരി പാടിയിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാകുന്നു. വീരൻപറമ്പ് - പാടിയിൽ അംഗൻവാടിയിലേക്കുള്ള റോഡിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാലയ്ക്ക് മുൻപിലുള്ള റോഡിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. അംഗൻവാടി, സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേർ കടന്നു പോകുന്ന റോഡിൽ ആഴത്തിലാണ് ചെളിവെള്ളം കെട്ടിക്കിടയ്ക്കുന്നത്. ചെളിവെള്ളം തടയാൻ നിലവിൽ റോഡിൽ താത്കാലികമായി മണ്ണ് ഇട്ടിട്ടുണ്ട്. എന്നാൽ മഴ പെയ്തതോടെ റോഡിൽ ചെളി നിറഞ്ഞിരിക്കുകയാണ്. യാത്രക്കാർക്ക് പുറമെ സമീപത്തെ വീട്ടുകാർക്കും ഇവിടുത്തെ കടകളിലേക്ക് എത്തുന്നവർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്.
സമീപത്തെ ജൽജീവൻ പൈപ്പ് പൊട്ടി റോഡിലേക്ക് വെള്ളം ഒഴുകിയാണ് ഇത്തരത്തിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നത്. കാൽനട യാത്രക്കാർക്ക് ചെളിയിലിറങ്ങിയല്ലാതെ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹന യാത്രക്കാർക്കും കൂടുതൽ അപകടം ഭീഷണിയായാണ് റോഡിലെ വെള്ളക്കെട്ട് നിലനിൽക്കുന്നത്. വെള്ളക്കെട്ടിന്റെ ആഴം മനസിലാവാത്ത അവസ്ഥയിൽ യാത്രക്കാർ അപകടത്തിൽ പെടാനുള്ള സാഹചര്യം ഏറെയാണ്. രാത്രി യാത്രചെയ്യുന്നവർക്കും ഇത് വലിയ അപകടഭീഷണിയാണ്. നാട്ടുകാരെയും യാത്രക്കാരെയും വലിയ രീതിയിൽ ബാധിക്കുന്ന ഈ പ്രശ്നത്തിൽ അധികൃതർ ഇടപെട്ട് ഉടൻ കൃത്യമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
