തിരുവനന്തപുരം :- വേനലവധിക്ക് വിട നൽകി സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കം. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിലുണ്ടാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ആഴ്ചയിലൊരിക്കൽ കളർ വസ്ത്രവും ബാക്ക് ബെഞ്ച് ഇല്ലാത്ത ഇരിപ്പിട രീതിയും പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു.
പാടിപ്പറക്കാനൊരു തുടക്കം, ആടിത്തിമിർത്ത് ആഘോഷം. കരഞ്ഞുകലങ്ങിയെങ്കിലും ചിരികളേറെ നിറഞ്ഞതായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം. സ്‌കൂൾ പടി ആദ്യമായി കണ്ട് ഒന്നാം തരത്തിൽ പ്രവേശനം നേടിയത് മൂന്ന് ലക്ഷം പേരാണ്. പുതിയ സർക്കാരിൻ്യും ആദ്യ പ്രവേശനോത്സവമായിരുന്നു ഇത്. മടിയിലെടുത്തും മധുരം കൊടുത്തും വിദ്യാഭ്യാസ മന്ത്രി കളം നിറഞ്ഞു. മഴയില്ലാത്തൊരു ജൂൺ ഒന്ന് എന്ന സങ്കടത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിലുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ഒന്നാം ക്ലാസിലെത്തിയ കുരുന്നുകൾക്ക് മുഖ്യമന്ത്രി ബാഗും പുസ്തകങ്ങളും നൽകി.
മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വർഷം തുടങ്ങുന്നത്. പത്താം ക്ലാസിലും സബ്ജക്ട് മിനിമം മാർക്ക് നിർബന്ധമാക്കി. ആഴ്ചയിലൊരിക്കൽ കളർ വസ്ത്രവും ഇരിപ്പിടങ്ങളിലെ മാറ്റവുമെല്ലാം ആലോചനയിലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പ്രവേശനോത്സവത്തിൽ സൈബറിടത്തെ കെണികൾക്കെതിരെ കുട്ടികൾ പ്രതിജ്ഞയുമെടുത്തു.
