തിരുവനന്തപുരം :- പകർച്ചവ്യാധികൾ വ്യാപകമായതോടെ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് നീങ്ങി സംസ്ഥാന സർക്കാർ. ആരോഗ്യ വിദഗ്‌ധരെ ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ, വയനാട്ടിൽ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മലേറിയ കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിൽ മലമ്പനിയും റിപ്പേർട്ട് ചെയ്തു. ഇരിങ്ങല്ലൂർ സ്വദേശിയായ 63 കാരന് മലമ്പനി ബാധിച്ചത്.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പുകൾ കാരണമാണ് തടസ്സപ്പെട്ടതെന്ന് രോഗ്യമന്ത്രി കെ മുരളീധരൻ വിശദീകരിച്ചു. ഇന്ന് ചേർന്ന യോഗത്തിൽ പകർച്ചവ്യാധി നിയന്ത്രണം, മരുന്നുകളുടെ ലഭ്യതയും സംഭരണവും എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്‌ത് റിപ്പോർട്ട് നൽകാൻ ഹൈ പവർ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി അറിയിച്ചു. ചെയർമാൻ എസ് എസ് ലാൽ, കോ ഓർഡിനേറ്റർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും കമ്മിറ്റി പ്രവർത്തിക്കുക. ജില്ല തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റി രൂപികരിച്ചിരിക്കുന്നത്. പ്രത്യേക പ്രദേശങ്ങളിൽ നിപ വരുന്നതിനെ കുറിച്ച് പരിശോധന ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് എല്ല മരുന്നുകളും സ്റ്റോക്കുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, വൃത്തി ഹീനമായ തട്ടുകൾ പൂട്ടാനും മിനറൽ വാട്ടർ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
സംസ്ഥാനത്ത് ജനുവരി മുതൽ ഈ മാസം വരെ 146 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഈ മാസം മാത്രം സംസ്ഥാനത്ത് 70 കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ അഞ്ച് ഷിഗെല്ല മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ഷിഗെല്ല മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. ഈ മാസം റിപ്പോർട്ട് ചെയ്‌ത 22 കേസുകൾ ഉൾപ്പെടെ 74 കേസുകളാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല
വയനാട്ടിൽ ഒരു വിദ്യാർഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർത്ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച വിദ്യാർത്ഥിയുടെ സാമ്പിൾ ആണ് പോസിറ്റീവായത്. നിലവിൽ 21 പേർ ബത്തേരിയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതോടെ രോഗം ബാധിച്ച വിദ്യാർത്ഥികളുടെ എണ്ണം 17 ആയി. വയനാട് ജില്ലയിൽ മാത്രം 538 വിദ്യാർഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
