ബെംഗളുരു :- ഭൂമിയുടെ ഏറ്റവുമടുത്തുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെത്തിക്കാൻ കഴിവുള്ള രാജ്യത്തെ ആദ്യ സ്വകാര്യ നിർമിത റോക്കറ്റായ വിക്രം-1 ജൂലൈ 12നും ഓഗസ്റ്റ് 4 നുമിടെ ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിക്കും. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ഇൻസ്പേസിന്റെ സഹകരണത്തോടെയുള്ള ദൗത്യത്തിനു 'മിഷൻ ആഗമൻ' എന്നാണു പേരിട്ടിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയറോസ്പേസ് ആണു റോക്കറ്റ് നിർമിച്ചത്. ഭൗമ ഉപരിതലത്തിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണു വിക്ഷേപിക്കുന്നത്.
ഏഴ് നില കെട്ടിടത്തിൻ്റെ ഉയരമുള്ള വിക്രം 1 പൂർണ്ണമായും കാർബൺ കോമ്പോസിറ്റ് ഘടനയിലാണ് നിർമ്മിച്ചിരിക്കുന്നത്. 3ഡി പ്രിന്റഡ് എഞ്ചിനുകളും ഉയർന്ന ശേഷിയുള്ള സോളിഡ് റോക്കറ്റ് മോട്ടോറുകളും ഉൾപ്പെടെ ഇൻ ഹൗസ് സാങ്കേതികവിദ്യയിലാണ് ഇതിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റം (Propulsion System) വികസിപ്പിച്ചത്. കുറഞ്ഞ ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് (Low Earth Orbit) 350 കിലോഗ്രാം വരെ ഭാരമുള്ള സാറ്റലൈറ്റുകൾ എത്തിക്കാൻ ഈ റോക്കറ്റിന് സാധിക്കും.
60 ഡിഗ്രി ചരിവിലുള്ള 450 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തെയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. പ്രൊപ്പൽഷൻ, സ്റ്റേജ് വേർതിരിക്കൽ, ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പ്രധാന ഉപസംവിധാനങ്ങളുടെയും ഇൻ ഫ്ലൈറ്റ് പ്രകടന ഡാറ്റ ശേഖരിക്കുകയാണ് ഈ വികസന ഫ്ലൈറ്റിന്റെ പ്രധാന ലക്ഷ്യം. ആഭ്യന്തര, അന്തർദേശീയ ഉപഭോക്താക്കളുടെ പേലോഡുകൾ ഈ റോക്കറ്റ് വഹിക്കുന്നുണ്ട്.
ഗോളാന്തര വിപണിയിലെ വിക്ഷേപണ ശേഷിയുടെ കുറവ് പരിഹരിക്കാൻ ഈ ദൗത്യത്തിലൂടെ സാധിക്കുമെന്നാണ് റൂട്ട് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ വിക്ഷേപണ ആവശ്യകതയുടെ 70 മുതൽ 80 ശതമാനം വരെ അമേരിക്ക, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ നിന്നായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ബഹിരാകാശ മേഖലയിലേക്കുള്ള ഒരു കാബ് അല്ലെങ്കിൽ യൂബർ സർവീസ് പോലെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുകയാണ് റൂട്ടിന്റെ ലക്ഷ്യം. കമ്പനി നേരത്തെ 2022 നവംബറിൽ വിക്രം എസ് എന്ന സബ് ഓർബിറ്റൽ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചിരുന്നു. ജി ഐ സി, ടെമാസെക്, ബ്ലാക്ക് റോക്ക് തുടങ്ങിയ പ്രമുഖ നിക്ഷേപകരിൽ നിന്നായി 60 ദശലക്ഷം ഡോളർ സമാഹരിച്ച റൂട്ട് ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സാങ്കേതിക യുണികോൺ (Unicorn) കൂടിയാണ്.
