വന്യജീവി ആക്രണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 21 ലക്ഷമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ


ന്യൂഡൽഹി :- വന്യജീവി ആക്രണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തുക 21 ലക്ഷമാക്കുമെന്നു വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. നിലവിൽ ഇത് 14 ലക്ഷം രൂപയാണ്. ഈ വർഷം തുക 17.5 ലക്ഷമാക്കി ഉയർത്തുമെന്നും ഒരു വർഷത്തിനുള്ളിൽ 21 ലക്ഷം രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ വിഹിതമായ 10 ലക്ഷം രൂപയടക്കമാണ് 21 ലക്ഷം നൽകുക. 2024 ൽ കേന്ദ്രസർക്കാർ ധനസഹായം 10 ലക്ഷമായി ഉയർത്തിയിരുന്നെങ്കിലും കഴിഞ്ഞ 3 വർഷത്തിനിടെ 8.67 കോടി രൂപ മാത്രമാണ് ആകെ അനുവദിച്ചത്. ബാക്കി സംസ്‌ഥാനമാണ് വഹിക്കുന്നത്. മുഴുവൻ തുകയും അനുവദിക്കാത്ത വിഷയം കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചു.

അനുകൂല പ്രതികരണമുണ്ടായതായും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങളിൽ പരുക്കേൽക്കുന്നവർക്കൊപ്പം കൃഷിനാശം സംഭവിക്കുന്നവർക്കും നൽകിവരുന്ന നഷ്ടപരിഹാരവും വർധിപ്പിക്കണം. കേന്ദ്രസർക്കാർ പദ്ധതിയായ ആർഡബ്ല്യുവിസി ഐഎസിൽ വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന നഷ്ടപരിഹാരം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും, നാടൻ കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിന്നും ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റി അവയുടെ എണ്ണം നിയന്ത്രിക്കാൻ സംസ്‌ഥാനത്തിന് അധികാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണത്തിൽ കൂടുതലുള്ള കടുവകളെ മറ്റു സംസ്ഥാനങ്ങളിലെ സങ്കേതങ്ങളിലേക്ക് മാറ്റുന്നതും ചർച്ചയായെന്നു ഷിബു ബേബി ജോൺ അറിയിച്ചു.

Previous Post Next Post