കണ്ണൂർ :- സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ സജീവമായെങ്കിലും ജില്ലയിൽ ഈ വർഷം മഴ ഗണ്യമായി കുറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ കണക്കുകൾപ്രകാരം ജൂൺ ഒന്നു മുതൽ ജൂലായ് 17-വരെയുള്ള കാലയളവിൽ ജില്ലയിൽ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിലെ സാധാരണ മഴ 1387.9 മില്ലിമീറ്ററാണ്. എന്നാൽ ലഭിച്ചത് 1010.9 മില്ലിമീറ്റർ മാത്രം. 377 മില്ലിമീറ്ററിൻ്റെ കുറവുണ്ട്.
മഴ കുറഞ്ഞതും ചൂട് കൂടിയതും ജില്ലയുടെ കൃഷിയെയും ജലഭ്യതയെയും വൈദ്യുതി മേഖലയെയും കൂടുതൽ ബാധിച്ചേക്കാം. മൺസൂണിന്റെ തുടക്കത്തിൽ ദുർബലമായ ന്യൂനമർ ദങ്ങളും വടക്കൻ കേരളത്തിൽ കാര്യമായി മഴ നൽകാത്ത കാറ്റിന്റെ ഗതിയുമാണ് മഴക്കുറവിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എൽനിനോ പ്രതിഭാസവും ഇത്തവണ മഴയെ ബാധിച്ചിട്ടുണ്ട്. നെൽകൃഷി, തെങ്ങ്, റബ്ബർ തോട്ടങ്ങൾ എന്നിവയെ മഴക്കുറവ് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. കുടിവെള്ള പദ്ധതികൾക്കും പ്രതിസന്ധി ഉണ്ടാകുമോ എന്ന ആശങ്ക കർഷകർക്കുണ്ട്.
കഴിഞ്ഞവർഷത്തെ കാലവർഷ ത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ ഒന്നായിരുന്നു കണ്ണൂർ. സാധാരണയേക്കാൾ 21 ശതമാനം കൂടുതൽ മഴയാണ് അന്ന് ജില്ലയിൽ ലഭിച്ചത്. എന്നാൽ ഇത്തവണ ശക്തമായ മഴയും ഇടവേളകളും ഇടകലർന്നതാണ് കാലാവസ്ഥ. ജൂലായ് അവസാനത്തോടെയും ഓഗസ്റ്റിലും ശക്തമായ മഴ ലഭിച്ചാൽ കുറവ് നികത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. നിലവിൽ ജലസംഭരണികളിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണ്. സംസ്ഥാനത്താകെയും സാധാരണയേക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത് കഴിഞ്ഞ അഞ്ചുവർഷമായി ജൂൺ മാസത്തിൽ കേരളത്തിൽ മഴയുടെ അളവിൽ ഏറ്റക്കുറിച്ചുകൾ ഉണ്ടാകുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടി.
