ഡൽഹി :- നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ജൂലൈ 20-ന് ജന്തർ മന്തറിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെ പെല്ലറ്റ് ആക്രമണമേറ്റതായി 28-കാരനായ യുവാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ തന്റെ നേരെ പെല്ലറ്റ് തോക്ക് ചൂണ്ടിയതായും അവിടെ നിന്ന് തിരിഞ്ഞോടിയെങ്കിലും . മുതുകിലും കൈയിലുമായി 30-ഓളം മുറിവുകളേറ്റെന്നും യുവാവ് പറയുന്നു. തുടക്കത്തിൽ അന്തരീക്ഷത്തിലേക്ക് കണ്ണീർവാതകം പ്രയോഗിച്ച പോലീസ് പിന്നീട് പ്രതിഷേധക്കാർക്ക് നേരെ നേരിട്ടും കണ്ണീർവാതകം പ്രയോഗിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹി സഫ്‌ദർജംഗ് ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ടിൽ യുവാവിന്റെ ശരീരത്തിൽ പെല്ലറ്റ് അവശിഷ്‌ടങ്ങൾ തറച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ പക്കൽ പെല്ലറ്റ് തോക്കുകൾ ഇല്ലെന്നും അവ ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഡൽഹി പോലീസിന്റെ വിശദീകരണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ഡൽഹി പോലീസിന് പുറമെ കേന്ദ്ര ക്രമസമാധാന സേനയായ റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്ഥലത്തുണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് പ്രയോഗിച്ചതിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ഉത്തരവിട്ടവർക്കെതിരെ നടപടി വേണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ അമിത ബലപ്രയോഗം നടത്തിയെന്ന 1 ഹർജികളിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും പോലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്.
