3500 പുരുഷന്മാർക്ക് 120 സ്ത്രീകൾ ; 'പയ്യാവൂർ മാഗല്യം' പാളി, നടന്നത് ഒരു വിവാഹം മാത്രം


ശ്രീകണ്ഠപുരം :- ജാതിമതഭേദ മെന്യേ സ്ത്രീപുരുഷന്മാർക്ക് വിവാഹിതരാകാനായി പയ്യാവൂർ പഞ്ചായത്ത് തുടങ്ങിയ 'പയ്യാവൂർ മാംഗല്യം' സമൂഹവിവാഹപദ്ധതി മുടങ്ങി. സ്ത്രീകളുടെ എണ്ണത്തിന്റെ 30 ഇരട്ടിയോളം അധികം പുരുഷൻമാരുടെ അപേക്ഷ വന്നതോടെയാണ് പദ്ധതി നടപ്പാക്കാനാകാത്ത അവസ്ഥയിലെത്തിയത്. രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ പുരുഷന്മാരുടെ 3500 അപേക്ഷകളും സ്ത്രീകളുടെ 120 അപേക്ഷകളുമാണ് ഉള്ളത്. കുടുംബശ്രീ അംഗങ്ങൾ അപേക്ഷകൾ മത, സമുദായങ്ങൾക്കനുസരിച്ച് തരംതിരിച്ച് വിവാഹാലോചനകൾ നടത്തിയെങ്കിലും ഒരു വിവാഹത്തിൽ മാത്രം ഒതുങ്ങി. 

മൊകേരി സ്വദേശി ഷാജിയും പയ്യന്നൂർ സ്വദേശി ബിന്ദുവുമാണ് ഈ പദ്ധതി വഴി വിവാഹിതരായ ഏക ദമ്പതിമാർ. അപേക്ഷ നൽകിയ സ്ത്രീകളിൽ ഭൂരിഭാഗവും വിധവകളും രണ്ടാം വിവാഹക്കാരുമാണ്. കഴിഞ്ഞവർഷം ഓഗസ്റ്റ് ഒന്നിനാണ് പയ്യാവൂർ പഞ്ചായത്തും സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷനും ചേർന്ന് 'പയ്യാവൂർ മാംഗല്യം' വിവാഹപദ്ധതിയുമായി വന്നത്. ചെറുപ്പക്കാരുടെ വിവാഹസ്വപ്നങ്ങൾക്ക് പിന്തുണ നൽകുകയായിരുന്നു ലക്ഷ്യം. എന്നാൽ പുരുഷന്മാരുടെ അപേക്ഷകളുടെ എണ്ണക്കൂടുതൽ പദ്ധതിയുടെ താളം തെറ്റിച്ചു.

പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചതോടെ മുൻ എൽ.ഡി.എഫ്. ഭരണസമിതിയുടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ആസൂത്രണവും അടിസ്ഥാനവും ഇല്ലാതെ നടപ്പാക്കാൻ ശ്രമിച്ച പദ്ധതിയാണെന്നാണ് പുതിയ ഭരണ സമിതിയുടെ വിലയിരുത്തൽ. പയ്യാവൂർ പഞ്ചായത്തിലുള്ളവരുടെ വിവാഹപദ്ധതിയാണെങ്കിൽ എളുപ്പത്തിൽ നടപ്പാക്കാമായിരുന്നു. എന്നാൽ കേരളത്തിലെ അവിവാഹിതരായവരുടെ വിവാഹങ്ങൾ ഒരു പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്താൻ സാധിക്കില്ല. ഇതിന് പിന്നാലെ പോയാൽ പഞ്ചായത്തിലെ ജനങ്ങൾക്കു വേണ്ടി ചെയ്യേണ്ട കാര്യങ്ങളെല്ലാം മുടങ്ങുന്ന സ്ഥിതിയുണ്ടാകുമെന്നും അതുകൊണ്ട് 'പയ്യാവൂർ മാംഗല്യം' പദ്ധതിയു മായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും പ്രസിഡന്റ് സിന്ധു ബെന്നി പറഞ്ഞു.

Previous Post Next Post