ജില്ലയിൽ പാതയോരങ്ങളിൽ നിന്നും നീക്കം ചെയ്തത് 525 കൊടിതോരണങ്ങൾ ; 1.18 ലക്ഷം പിഴയീടാക്കി


കണ്ണൂർ :- സംസ്ഥാന പാതയോരങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ സ്ഥാപിച്ച കൊടിതോരണങ്ങളിൽ ജില്ലയിൽ ഈ വർഷം നീക്കം ചെയ്തത് 525 എണ്ണം.  ജനുവരി 1 മുതൽ ജൂൺ 30 വരെ കാലയളവിൽ 414 ബോർഡുകൾ, 86 ബാനറുകൾ, 6 കൊടികൾ, 19 ഹോഡിങ്ങുകൾ എന്നിങ്ങനെ ആകെ 525 എണ്ണമാണ് നീക്കം ചെയ്തത്.  ഇവ അനധികൃതമായി സ്ഥാപിച്ചതിനും യഥാസമയം നീക്കം ചെയ്യാത്തതിനും 4,05,500 രൂപ പിഴ ചുമത്തിയതിൽ 1,18,000 രൂപ ഈടാക്കി. 

ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യാപകമായി സ്ഥാപിച്ച ഹോർഡിങ്ങുകൾ, ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ  സ്ഥാപിച്ചവർ തന്നെ സുരക്ഷിതമായി നീക്കം ചെയ്ത് ഹരിതകർമ്മ സേനയ്ക്ക് നേരിട്ടോ അല്ലെങ്കിൽ അതാത് തദ്ദേശസ്ഥാപനം വഴിയോ കൈമാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അറിയിച്ചു. ഫുട്ബോളിന്റെ മത്സരസ്പിരിറ്റ്‌ പോലെ തങ്ങൾ സ്ഥാപിച്ച ബോർഡുകൾ ഉത്തരവാദിത്തോടെ മാറ്റി മാലിന്യസംസ്കാരണത്തിൽ മാതൃകയാകാനും യുവാക്കൾ തയ്യാറാകണം.  

അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ധനീഷ് പി. എം, കണ്ണൂർ കോർപ്പറേഷൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം, ദേശീയപാത അതോറിറ്റി, പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Previous Post Next Post