കടിച്ച പാമ്പിന്റെ വിഷമളക്കാൻ ബയോ സെൻസർ തയ്യാർ


തിരുവനന്തപുരം :- പാമ്പുകടിയേറ്റാൽ ശരീരത്തിലെത്തിയ വിഷത്തിൻ്റെ അളവ് നിർണയിച്ച് മറുമരുന്നായ ആൻ്റി വെനം ആവശ്യമായ അളവിൽ നൽകാൻ സഹായിക്കുന്ന ബയോ സെൻസർ തയ്യാറായി. തൃശ്ശൂരിലെ സെൻ്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയും (സി-മെറ്റ്) തിരുവനന്തപുരത്തെ കേരള ബയോ എന്ന സ്റ്റാർട്ടപ്പ് കമ്പനിയും ചേർന്നാണ് സെൻസർ വികസിപ്പിച്ചത്. 

സർഫസ് പ്ലാസ്മോണുകളെ (ലോഹ ഉപരിതലത്തിൽ ഉത്തേജിപ്പിക്കപ്പെടാൻ കഴിയുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസർ വിഷചികിത്സാരംഗത്തെ വിപ്ലവകരമായ മാറ്റത്തിനു വഴിതുറക്കുമെന്നാണ് അവകാശപ്പെടുന്നത്. രാജ്യത്ത് പ്രതിവർഷം അഞ്ചുലക്ഷം പേരെങ്കിലും പാമ്പുകടിയേറ്റു മരിക്കുന്നതായാണു കണക്ക്. മുറിവിൽ നിന്നുള്ള സ്രവമോ കടിയേറ്റ ആളിൻ്റെ ഒരു തുള്ളി രക്തമോ മൂത്രമോ സെൻസറിൽ ഇറ്റിച്ചാൽ ശരീരത്തിൽക്കടന്ന വിഷത്തിന്റെ അളവ് അതിവേഗം അറിയാനാകും. സെൻ സറിൽ ഘടിപ്പിച്ചിട്ടുള്ള ചിപ്പ് വഴിയാണ് ഇതു സാധിക്കുന്നത്.

മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരട്ടമണ്ഡലി എന്നീ പാമ്പുകളുടെ വിഷത്തിലെ ഒരേ ഘടനയുള്ള മാംസ്യത്തെ വേർതിരിച്ചെടുത്ത് അതിനെ ആന്റി ബോഡിയാക്കി മാറ്റി ചിപ്പിൽ പുരട്ടിയാണ് പരിശോധന നടത്തുന്നത്. വിഷത്തിൻ്റെ അളവു കണ്ടെത്തിയാൽ അതിനനുസരിച്ചുള്ള അളവിൽ ആന്റിവെനം (മോണോവാലൻ്റ്) നൽ കിയാൽ മതിയെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കേരള ബയോ സ്ഥാപകൻ ഡോ. ആർ.ദിലീപ് കുമാർ പറഞ്ഞു. ചിലന്തി, തേൾ തുടങ്ങിയവ കടിച്ചാലും ഇങ്ങനെ പരിശോധിക്കാം. വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങാനുള്ള ഒരുക്കത്തിലാണ് നിർമാതാക്കൾ. 

Previous Post Next Post