എടപ്പാൾ :- വിദ്യാലയങ്ങളുടെയും വിദ്യാർഥികളുടെയും സുരക്ഷാകാര്യങ്ങൾ ഇനി പോർട്ടൽ വഴിയറിയാം. പുതിയ പോർട്ടലിൽ സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച പൂർണവിവരങ്ങൾ ജൂലൈ 30-നകം രേഖപ്പെടുത്താൻ നിർദേശം. ദുരന്തനിവാരണ അതോറിറ്റി ചുമതല വഹിക്കുന്ന ജില്ലാ കളക്ടർമാരാണ് വിദ്യാഭ്യാസ ഓഫീസർമാർ മുഖേന വിദ്യാലയങ്ങളുടെ സുരക്ഷാകാര്യങ്ങൾ നേരിട്ട് നിരീക്ഷിക്കാനാകും വിധമുള്ള വിവരശേഖരണത്തിന് തുടക്കമിടുന്നത്.
സ്കൂൾ ആപ്പ് എന്ന വെബ് ആപ്ലിക്കേഷൻ വഴി വിവരങ്ങൾ അപ്ലോഡ് ചെയ്യണം. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളെല്ലാം ഇത് ചെയ്യേണ്ടി വരും. കുട്ടികളുടെയും അധ്യാപക, അനധ്യാപക, രക്ഷാകർ ആസമിതിയുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കി നടപ്പാക്കാനുള്ള പദ്ധതിയാണ് ഇതിലൂടെ പ്രാവർത്തികമാക്കുന്നത്. 2026-ലെ ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് ബുക്കിലെ നിർദേശപ്രകാരം ദേശീയ സ്കൂൾ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി കുട്ടികളുടെ സുരക്ഷയ്ക്കുള്ള പ്രത്യേക മാനദണ്ഡങ്ങൾ നടപ്പാക്കാനാണ് വിവരശേഖരണം.
വിദ്യാർഥി വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള സുരക്ഷ ഉറപ്പാക്കും വിധമാകും പദ്ധതി തയ്യാറാക്കുക. സ്കൂളുകളിലെ അഗ്നിശമന ഉപകരണങ്ങളുടെ വിവരവും ചിത്രവും അപ്ലോഡ് ചെയ്യുന്നതോടൊപ്പം അപകടസാധ്യതകൾ രേഖപ്പെടുത്തിയ രേഖാചിത്രവും വേണം. സ്കൂളുകളിലെ അടി സ്ഥാന വിവരങ്ങൾ, അപകടസാധ്യതാ വിവരങ്ങൾ, കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച കാര്യങ്ങൾ, സ്കൂൾ സുരക്ഷാ സമിതിയംഗങ്ങളുടെ വിവരങ്ങൾ, അത്യാവശ്യ ഫോൺ നമ്പറുകൾ എന്നിവയെല്ലാം രേഖപ്പെടുത്തണം. ദുരന്തങ്ങളുണ്ടായാൽ രക്ഷപ്പെടാനുള്ള വഴികളും വേണം.
സുരക്ഷാ സംവിധാനമില്ലാത്ത വിദ്യാലയങ്ങൾ പുതിയ സംവിധാനം വരുന്നതോടെ അവ ഏർപ്പെടുത്തേണ്ടിവരുമെന്ന ഗുണവുമുണ്ട്. പോർട്ടലിൽ രേഖപ്പെടുത്തുന്നതോടെ അധികാരികൾക്ക് ഓരോ വിദ്യാലയത്തിന്റെയും പ്രശ്നങ്ങളും സുരക്ഷാവീഴ്ചകളും നേരിട്ട് നിരീക്ഷിക്കാനും മുൻകൂട്ടി പരിഹരിക്കാനുമാകും. ജൂലൈ 30 നകം വിദ്യാലയങ്ങൾ ഇവ ഏർപ്പെടുത്തി അപ്ലോഡ് ചെയ്യുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പാക്കണം.
