കുറ്റ്യാട്ടൂർ:-അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ പതറാതെ, സ്വന്തം ജീവൻ പോലും വകവെക്കാതെ വെള്ളത്തിൽ വീണ കൂട്ടുകാരിയെ അത്ഭുതകരമായി രക്ഷിച്ച് രണ്ട് വിദ്യാർത്ഥികൾ. കീഴറ ശ്രീ ചേനാരത്ത് അമ്പലക്കുളത്തിൽ കാൽവഴുതി വീണ് വെള്ളത്തിൽ താഴുകയായിരുന്ന പതിനഞ്ചുകാരിയെയാണ് കൂട്ടുകാരായ റിഷിക രജിലും റിഥിൻ രാജും ചേർന്ന് രക്ഷപ്പെടുത്തിയത്.
അപകടം നടന്ന നിമിഷം അല്പം പോലും പരിഭ്രമിക്കാതെ, അവസരോചിതമായ ഇടപെടലിലൂടെയാണ് ഇരുവരും ജീവൻ രക്ഷിച്ചത്. പെരളശ്ശേരി എ.കെ.ജി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയും എൻ.സി.സി ആർമി കാഡറ്റുമാണ് റിഷിക. ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ കീഴറ രജിലിന്റെയും ഷിൽപയുടെയും മകളാണ് ഇവർ. അപകടത്തിൽപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരീ പുത്രനാണ് കുറ്റ്യാട്ടൂർ സ്വദേശിയായ റിഥിൻ രാജ്.നാടിനെ നടുക്കിയ സംഭവത്തിൽ ധീരതയും മനക്കരുത്തും കാട്ടിയ ഇരുവർക്കും സമൂഹത്തിന്റെ അഭിനന്ദന പ്രവാഹമാണ്.
ജീവൻ പണയപ്പെടുത്തി അസാമാന്യ ധീരത കാട്ടിയ റിഥിൻ രാജിനെ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് നിജിലേഷ് പറമ്പൻ റിഥിനെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് എം.വി. സുശീല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ടി. രാജൻ, പി.വി. കോമള, എം.പി. പങ്കജാക്ഷൻ, പഞ്ചായത്തംഗങ്ങളായ വി.സി. ജയപ്രകാശൻ, ഇ.കെ. ഷീബ, കെ. അച്ചുതൻ തുടങ്ങിയവർ പങ്കെടുത്തു. പഴശ്ശി വായക്കച്ചാൽ എ.സി. നിവാസിൽ രാജേഷ്-സന്ധ്യ ദമ്പതികളുടെ മൂത്ത മകനാണ് റിഥിൻ.
