കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിൽ. കുറ്റ്യാട്ടൂരിൽ ടാക്സി ഡ്രൈവറായ വയോധികന് തെരുവ് നായയുടെ കടിയേറ്റു. കൂടാതെ, നായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനും പരുക്കേറ്റു.
കോയ്യോട്ടുമൂല കെ.പി. പാർക്കിനു സമീപം താമസിക്കുന്ന ടി.സി. മുഹമ്മദി (59) നാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി വീടിനു സമീപത്തെ റോഡിലൂടെ നടന്നുപോകുമ്പോൾ അപ്രതീക്ഷിതമായി എത്തിയ തെരുവ് നായ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. വലതു കാലിന്റെ തുടയിൽ ആഴത്തിൽ മുറിവേറ്റ മുഹമ്മദ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മയ്യിൽ -ചാലോട് റോഡിൽ ഐ.ടി.എം. കോളജിനു മുന്നിൽ വെച്ച് ബൈക്ക് യാത്രക്കാരനായ മാവിലാക്കണ്ടി സി.കെ. ഷാജിക്ക് പരുക്കേറ്റു. മയ്യിൽ ഭാഗത്തുനിന്ന് കുറ്റ്യാട്ടൂരിലേക്ക് വരികയായിരുന്ന ഷാജിയുടെ ബൈക്കിനു കുറുകെ തെരുവ് നായ ചാടുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞതിനെത്തുടർന്ന് റോഡിലേക്ക് വീണ ഷാജിയുടെ കാലിൽ ബൈക്ക് പതിക്കുകയായിരുന്നു. ഇദ്ദേഹം കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി കോയ്യോട്ടുമൂലയിൽ ആറോളം തെരുവ് നായ്ക്കൾ സംഘം ചേർന്ന് അലഞ്ഞുതിരിയുന്നത് ജനജീവിതത്തിന് വലിയ ഭീഷണിയായിരിക്കുകയാണ്. മദ്രസ, അങ്കണവാടി വിദ്യാർത്ഥികൾക്കും പ്രഭാത സവാരിക്കാർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. തെരുവ് നായ ശല്യത്തിന് അടിയന്തരമായി പരിഹാരം കാണാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
