ഇരിട്ടി :- തട്ടുകടയുടെ മറവിൽ ലഹരിമരുന്നായ മെത്താംഫെറ്റമിൻ വിൽപന നടത്തിയെന്ന കേസിൽ സംസ്‌ഥാനാന്തര ലഹരിശൃംഖലയിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്നതയാളെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ഫിദാ മൻസിലിൽ ടി.ഫസലുദ്ദീനെ (44) യാണ് ഇരിട്ടി എസ്എച്ച്ഒ ഇൻസ്പെക്ടർ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്‌റ്റ് ചെയ്‌തത്. 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന്റെ ഭാഗമായാണ് അറസ്റ്റ്. കേസിലെ മറ്റൊരു പ്രതി, നേരത്തേ സ്വകാര്യ ടൂറിസ്‌റ്റ് ബസിൽ എംഡിഎംഎ കടത്തുന്നതിനിടെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പടിയൂർ സ്വദേശി ഡെന്നി ഏബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഫോൺവിളി രേഖകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഫസലുദ്ദീൻ പലതവണ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് മെത്താംഫെറ്റമിൻ കടത്തിയതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ബെംഗളൂരു ജയിലിൽ കഴിയുന്നതിനിടെയാണു ഫസലുദ്ദീൻ വൻകിട ലഹരിമാഫിയയുമായി ബന്ധം സ്ഥാപിച്ചതെന്നും ജയിൽമോചിതനായ ശേഷം ഇരിട്ടിയിൽ തട്ടുകട ആരംഭിച്ച്, അതിന്റെ മറവിൽ മെത്താംഫെറ്റമിൻ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വ്യാപകമായി വിറ്റഴിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്‌തമായതായി പൊലീസ് പറഞ്ഞു.
2006 ൽ സൗദി അറേബ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന ഇയാൾ ഏകദേശം 10 വർഷം സൗദി ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് മോചനദ്രവ്യം നൽകിയ ശേഷമാണ് നാട്ടിലെത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. 2023ൽ ബെംഗളൂരുവിൽ 50 കിലോഗ്രാം കഞ്ചാവ് വിൽപന നടത്തിയ കേസിൽ അറസ്റ്റിലായ ഇയാൾ 3 വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷം ഈ വർഷം ജനുവരിയിലാണ് മോചിതനായത്. ഇരിട്ടി എസ്ഐ പി.കെ വിജയൻ, എഎസ്ഐ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിഹാബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ലഹരിമാഫിയയ്ക് സഹായം നൽകിയവരെയും സാമ്പ ത്തിക പിന്തുണ നൽകിയവരെയും കുറിച്ചുള്ള വ്യക്‌തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
