കണ്ണൂർ :- സംസ്ഥാനത്ത് രാസലഹരി മാഫിയ ശൃംഖലകളുടെയും കള്ളക്കടത്തിന്റെയും ഉറവിടം തകർക്കാൻ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച ഓപ്പറേഷൻ തൂഫാൻ , ദി നാർക്കോ ഹണ്ട് വിജയത്തിലേക്ക്. പദ്ധതി ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ലഹരി ഉപയോഗിക്കുന്നതിലേക്ക് പുതിയ ആളുകൾ എത്തുന്നത് ഇല്ലാതായതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട്. സ്കൂളുകൾ, കോളേജുകൾ, ഐ.ടി പാർക്കുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ്-എക്സൈസ് വകുപ്പുകൾ നടത്തുന്ന നിരീക്ഷണവും റെയ്ഡുകളുമാണ് ലഹരിവസ്തുക്കളുടെ വ്യാപനത്തിന്റെ വേഗം കുറച്ചത്.
ലഹരി ഉപയോഗത്തിലേക്ക് പുതിയ ഇരകളെ ആകർഷിക്കുന്ന ഏജന്റുമാരെയും ഇടനിലക്കാരെയും കണ്ടെത്താൻ സാധിച്ചതാണ് ദൗത്യത്തിന്റെ പ്രധാന വിജയം. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാലയ പരിസരങ്ങളിലും ഹോസ്റ്റലുകളിലും പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്. 'തൂഫാൻ സ്ട്രൈക്സ്' എൻഫോഴ്സ്മെന്റ് നടപടികളിലൂടെ ഇതിനകം സംസ്ഥാനത്ത് ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൂറിയർ സർവീസുകൾ, അതിർത്തി ചെക്ക് പോസ്റ്റുകൾ, ഇന്റർനെറ്റ് അധിഷ്ഠിത ലഹരിവസ്തു ഇടപാടുകൾ എന്നിവ സൈബർ സെല്ലിൻ്റെയും പ്രത്യേക അന്വേഷണ സംഘങ്ങളുടെയും നിരീക്ഷണത്തിലാണ്. രാസലഹരിക്ക് അടിമപ്പെട്ട വരെ മാറ്റിയെടുക്കാൻ 'തൂഫാൻ കെയർ' വഴി കൗൺസലിങ്ങും പുനരധിവാസ ചികിത്സകളും ഉറപ്പാക്കുന്നുമുണ്ട്.
