മട്ടന്നൂർ :- നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ രാജ്യാന്തര സർവീസുകൾ കൂടിയതോടെ ചരക്കു നീക്കവും കൂടി. യുദ്ധപശ്ചാത്തലത്തിൽ സർവീസുകൾ കുറഞ്ഞതോടെ ചരക്കുനീക്കവും ഗണ്യമായി കുറഞ്ഞിരുന്നു. ഈ മാസം പ്രതിവാരം 69 സർവീസുകളാണു കണ്ണൂരിൽ നിന്ന് രാജ്യാന്തര സെക്ടറിൽ ഉണ്ടായിരിക്കുക. ഒരു വിമാനത്തിൽ ശരാശരി 2 മുതൽ 5 ടൺ ചരക്കുനീക്കമാണ് സാധ്യമാകുന്നത്. ഒരാഴ്ച 138 മുതൽ 276 ടൺ ചരക്ക് നീക്കം സാധ്യമാകും. ഒരു മാസം ശരാശരി 552 മുതൽ 1104 ടൺ വരെ ചരക്കുനീക്കത്തിന് സാധ്യതയുണ്ട്. കുറച്ചു മാസങ്ങളായി വലിയ രീതിയിൽ ചരക്കുനീക്കം കുറഞ്ഞിരു ന്നു.
പച്ചക്കറികളും ഇലകളും പഴങ്ങളുമാണു കണ്ണൂരിൽനിന്നു പ്രധാനമായും വിദേശത്തേക്കു കയറ്റി അയയ്ക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇന്നുമുതൽ പുനരാരംഭിക്കുന്നതോടെ ഈ റൂട്ടിലും ചരക്കുനീക്കം നടക്കും. അബുദാബിയിലേക്കാണ് കണ്ണൂരിൽനിന്നു കൂടുതൽ സർവീസുകൾ. ആഴ്ച്‌ചയിൽ 14 സർവീസുകളുണ്ടാകും. ഷാർജയിലേക്ക് ആഴ്ചയിൽ 12, ദോഹയിലേക്ക് 10, ദുബായിലേക്ക് 9 സർവീസുകളുമുണ്ടാകും. ഫുജൈറയിലേക്ക് 7, മസ്കത്തിലേക്ക് 4, റിയാദ്, റാസൽ ഖൈമ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് 3 വീതം സർവീസുകളും ആഴ്ചയിൽ നടത്തും. ജിദ്ദ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് 2 സർവീസുകളുമുണ്ട്. കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്ന എല്ലാ റൂട്ടുകളിലും ചരക്കുനീക്കവും നടക്കുന്നുണ്ട്.
